Site iconSite icon Janayugom Online

ഇറാന് ആക്രമണം; യുഎസ് ബോംബര്‍ വിമാനം മടങ്ങിയെത്തിയില്ല

ഇറാനില്‍ ആക്രമണം നടത്തിയ വ്യോമസേനയുടെ ബി-2 സ്റ്റെൽത്ത് ബോംബര്‍ വിമാനം തിരിച്ചെത്തിയില്ലെന്ന് റിപ്പോര്‍ട്ട്. ഹിക്കാം എയർഫോഴ്‌സ് ബേസുമായി റൺവേ പങ്കിടുന്ന ഡാനിയേൽ കെ ഇനോയി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തിയ ബോംബറിന്റെ സാങ്കേതിക തകരാറിനെക്കുറിച്ച് യുഎസ് മൗനം തുടരുന്നത് നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇറാനിലെ ആക്രമണം അവസാനിച്ച് ഇത്രയും ദിവസം പിന്നിട്ടിട്ടും ബോംബറിനെ തിരിച്ച് ബേസിലെത്തിക്കാനും സാധിച്ചിട്ടില്ല. 

യൂറോഏഷ്യൻ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ജൂൺ 21 ന് മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് യുഎസ് വ്യോമസേന ബി-2 ബോംബർ വിമാനങ്ങളുടെ രണ്ട് ഗ്രൂപ്പുകൾ വിക്ഷേപിച്ചു. ഏഴ് ബി-2 വിമാനങ്ങൾ അടങ്ങുന്ന ഒരു സംഘം കിഴക്കോട്ട് പറന്ന് ഇറാന്റെ കനത്ത സുരക്ഷയുള്ള ഫോർദോ, നടാൻസ് എന്നീ ആണവ കേന്ദ്രങ്ങളിൽ നേരിട്ട് കൃത്യമായ ആക്രമണം നടത്തി. 37 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനുശേഷം ആദ്യ സംഘം സുരക്ഷിതമായി ബേസിലേക്ക് മടങ്ങിയെത്തിയതായി യുഎസ് വ്യോമസേന അറിയിച്ചിരുന്നു. രണ്ടാം സംഘം പസഫിക് സമുദ്രത്തിന് മുകളിലൂടെ പടിഞ്ഞാറോട്ടാണ് പറന്നത്. ഇറാനിയൻ, അന്താരാഷ്ട്ര നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള വഴിതിരിച്ചുവിടലായിരുന്നു ഇതെന്ന് സ്രോതസുകൾ പറയുന്നു. ആക്രമണത്തില്‍ പങ്കെടുക്കാതിരുന്ന ബോംബറുകള്‍ അട്ടിമറിക്കപ്പെട്ടതാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. രണ്ട് ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ബി-2 സ്പിരിറ്റ് ബോംബർ, യുഎസ് വ്യോമസേനയുടെ തന്ത്രപരമായ പ്രതിരോധത്തിന്റെ ആണിക്കല്ലാണ്. 19 യൂണിറ്റുകൾ മാത്രമേ സേവനത്തിൽ ശേഷിക്കുന്നുള്ളൂ. ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും സങ്കീർണവുമായ ബി-2 ദൗത്യങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. 

Exit mobile version