മധ്യപ്രദേശിലെ മുനാവറില്‍ ഹിന്ദുത്വ സംഘടനയുടെ റാലിയെത്തുടര്‍ന്ന് മുസ്‌ലിം ഭവനങ്ങള്‍ക്കുനേരെ ആക്രമണം. സംഭവത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. ഇതിനിടെ ജില്ലാ ഭരണകൂടം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടയാളുടെ വീട് ഇടിച്ചുനിരത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ 23 നാണ് സംഭവം. ഹിന്ദുത്വ സംഘടനകള്‍ സംയുക്തമായി ശൗര്യയാത്ര എന്ന പേരില്‍ ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് റാലി സംഘടിപ്പിച്ചത്. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മുനാവറിലെ ഗാന്ധിനഗറിലേക്ക് കടക്കുന്നതില്‍ നിന്നും പൊലീസ് റാലിയെ തടഞ്ഞു. തുടര്‍ന്ന് ചെറിയ സംഘര്‍ഷമുണ്ടായി. ഇത് പിന്നീട് മുനാവര്‍ മേഖലയിലുടനീളം വ്യാപിക്കുകയായിരുന്നു.
ധാര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മുനാവറില്‍ 2016 ലും ഇതേരീതിയില്‍ ഹിന്ദു-മുസ്‌ലിം വര്‍ഗീയ ലഹളയുണ്ടായിരുന്നു. അന്ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ശൗര്യയാത്രയാണ് സാമുദായിക സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞദിവസത്തെ ആക്രമണ സംഭവങ്ങളില്‍ ഇരുവിഭാഗങ്ങള്‍ക്കുമെതിരെ ധാര്‍ പൊലീസ് കേസെടുത്തു. എന്നാല്‍ 12 മുസ്‌ലിം വിഭാഗക്കാരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു മുസ്‌ലിം വിഭാഗക്കാരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അനധികൃതമാണെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്. കെട്ടിടം ഇടിച്ചുനിരത്തുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
ENGLISH SUMMARY:Attack on Muslims at a Hindu rally in Madhya Pradesh
You may also like this video