Site iconSite icon Janayugom Online

പൊലീസുകാർക്ക് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

കൊയിലാണ്ടിയിൽ പൊലീസുകാരെ ആക്രമിച്ച രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ, വിയ്യൂർ സ്വദേശി അജയ് എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വ്യാഴാഴ്ച രാത്രിയാണ് ഇരുവരും കൊയിലാണ്ടി സിഐ, പൊലീസ് ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്തത്. പൊലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് സിപിഐ(എം) പ്രവർത്തകർ സ്ഥാപിച്ച ഫ്ളക്സിനെ ചൊല്ലിയായിരുന്നു സംഘർഷം. ഇതിലെ വാചകം ശരിയല്ലെന്ന് ആരോപിച്ച് ഫ്ലക്സ് എടുത്തു മാറ്റണമെന്ന് ആർഎസ്എസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് പ്രശ്നമുണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ ആർഎസ്എസ് പ്രവർത്തകൻ പൊലീസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Exit mobile version