Site iconSite icon Janayugom Online

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം. ബ്രിട്ടന്റെയും അമേരിക്കയുടെയും മൂന്ന് ടാങ്കറുകൾ തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവുണ്ടായി. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ക്രൂഡ് ഓയിൽ വില പത്ത് ശതമാനത്തോളം ഉയർന്നുവെങ്കിലും പിന്നീട് നാല് ശതമാനമായി ഏകീകരിച്ചു. നിലവിൽ ബ്രെന്റ് ക്രൂഡിന് ബാരലിന് 76.16 ഡോളറും യുഎസ് ഓയിലിന് 69.67 ഡോളറുമാണ് വില.

യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് നൽകുന്ന വിവരമനുസരിച്ച് മേഖലയിൽ നാല് കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇതിൽ രണ്ട് കപ്പലുകൾക്ക് തീപിടിക്കുകയും ഒന്നിന് സമീപം സ്ഫോടനം നടക്കുകയും ചെയ്തു. ജിബ്രാൾട്ടർ, പലാവു, മാർഷൽ ഐലൻഡ്സ്, ലൈബീരിയ എന്നീ രാജ്യങ്ങളുടെ പതാക വഹിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു. സുരക്ഷാ ഭീഷണിയെത്തുടർന്ന് ലോകത്തെ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ മാഴ്സ്ക് സൂയസ് കനാൽ വഴിയുള്ള സർവീസുകൾ നിർത്തിവെച്ചു. കപ്പലുകൾ ഇനി ആഫ്രിക്കൻ വൻകര ചുറ്റിയുള്ള സുരക്ഷിത പാത ഉപയോഗിക്കും.

ലോകത്തെ മൊത്തം എണ്ണ‑വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഏകദേശം അടച്ച മട്ടാണ്. നൂറ്റമ്പതിലധികം എണ്ണക്കപ്പലുകൾ കടലിടുക്കിന് പുറത്ത് നങ്കൂരമിട്ടിരിക്കുകയാണ്. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ആഗോളതലത്തിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ ഇടയാക്കും. സ്ഥിതിഗതികൾ ശാന്തമാക്കാൻ സൗദി അറേബ്യയും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് പ്രതിദിനം രണ്ട് ലക്ഷത്തിലധികം ബാരൽ അധിക എണ്ണ ഉൽപ്പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ദുബായ്, ദോഹ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ മേഖലയെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ ഈ സാഹചര്യം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രാജ്യം.

Exit mobile version