ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ് പഞ്ചാബില്‍ പിടിക്കപ്പെട്ടേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ലൈവ് വീഡിയോ പുറത്തുവിട്ട് അമൃത്പാല്‍. തനിക്കെതിരായ സര്‍ക്കാരിന്റെ നടപടി “അറസ്റ്റല്ല, സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണെന്ന്” അമൃത്പാല്‍ പറയുന്നു.
സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞ അമൃത്പാല്‍ അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും പറഞ്ഞു. ജനങ്ങളുടെ മനസില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച ഭയം ഇല്ലാതാക്കാന്‍ തല്‍വണ്ടി സാബോയില്‍ യോഗം ചേരാന്‍ താന്‍ അകാല്‍ തഖ്ത് ജതേദാര്‍ ഗിയാനി ഹര്‍പ്രീത് സിങ്ങിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമൃത്പാല്‍ പ്രത്യേക രാഷ്ട്രത്തെക്കുറിച്ചോ ഖലിസ്ഥാനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല.
ഉത്തരാഖണ്ഡില്‍ നിന്ന് അമൃതപാല്‍ സംസ്ഥാനത്തേക്ക് മടങ്ങിയെന്നും റോപ്പറിലെ ആനന്ദ്പൂര്‍ സാഹിബിനെ സന്ദര്‍ശിച്ചതായും പൊലീസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. അമൃത്പാല്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു വാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനിടെ അമൃത്പാല്‍ സുവര്‍ണക്ഷേത്രത്തിലെത്തി സ്വയം കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സുവര്‍ണക്ഷേത്രത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ അകാല്‍ തഖ്ത് ജതേദാര്‍ ഗിയാനി ഹര്‍പ്രീത് സിങ് ഉള്ള തല്‍വണ്ടി സാബോയിലെ ദംദാമ സാഹിബിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം, അമൃത്പാല്‍ പഞ്ചാബിലേക്ക് നുഴഞ്ഞുകയറിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന പൊലീസിന്റെ ഒരു സംഘം ഒരു വാഹനം പിന്തുടര്‍ന്നു. എന്നാല്‍ അതിലെ യാത്രക്കാര്‍ ഹോഷിയാര്‍പൂരിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പല്‍പ്രീത് സിങ് ഉള്‍പ്പെടെയുള്ള കൂട്ടാളികളോടൊപ്പം അമൃത്പാല്‍ സഞ്ചരിച്ചിരുന്നതായി സംശയിക്കുന്നു. മാര്‍ച്ച് 18ന് അമൃത്പാലിനെതിരെ പൊലീസ് നടപടി ആരംഭിച്ചത് മുതല്‍ ഇയാള്‍ ഒളിവിലാണ്.
English Summary: “Attack on Sikh community, not arrest”; Amritpal with live video
You may also like this video