ഒമാനിലെ ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തര്‍. ഒമാനിലെ വാണിജ്യ തുറമുഖമായ ദുഖും പോര്‍ട്ടിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രണത്തെയും ഖത്തര്‍ അപലപിച്ചു. ആക്രമണം ഓമാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മധ്യസ്ഥ ശ്രമങ്ങളില്‍ സജീവ പങ്ക് വഹിച്ച രാജ്യത്തിനെയും ലക്ഷ്യം വയ്ക്കുന്നത് ഭീരുത്വമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എണ്ണക്കപ്പലിൽ 15 ഇന്ത്യൻ പൗരന്മാരും അഞ്ച് ഇറാൻ പൗരന്മാരുമായിരുന്നു ഉണ്ടായിരുന്നത്.
ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം ഇടപെട്ടാണ് ജീവനക്കാരെ രക്ഷിച്ചത്. ഒമാൻ തീരത്ത് വീണ്ടും ആക്രമണം ഉടലെടുക്കുകയാണ്. ദുഖും തുറമുഖത്ത് പാർപ്പിട സമുച്ചയത്തിൽ രണ്ട് ഇടങ്ങളിലായാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഡ്രോണുകളിൽ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തിലേക്ക് പതിക്കുകയായിരുന്നു.ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരുക്കേറ്റു. അതേസമയം, ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ആംബുലൻസ്,സിവിൽ ഡിഫൻസ്,സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സൗദി തലസ്ഥാനമായ റിയാദിൽ വീണ്ടും സ്ഫോടനം ഉണ്ടായി. റിയാദ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് സ്ഫോടന ശബ്ദം കേട്ടതെന്ന് എഎഫ്പി റിപ്പോർട്ട്. ഉണ്ടായത് വലിയ സ്ഫോടനമാണെന്നും പുക ഉയരുന്നത് കണ്ടതായും ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ ഇസ്രയേലിനെ നശിപ്പിക്കാൻ ശ്രമിച്ചവർ നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ പ്രതികരണം.

