Site iconSite icon Janayugom Online

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ അതിജീവിതയെ ആക്രമിക്കുന്നത് ക്രൂരത: ജോസ് കെ മാണി എംപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് പല തട്ടിലാണെന്നും അവരാദ്യം ഒരു നിലപാടെടുക്കട്ടെയെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. അതിനു പകരം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അതിജീവിതയെ ആക്രമിക്കുന്നത് ക്രൂരതയാണ്. ശബരിമല വിഷയം മികച്ച ടീമിനെ വെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുന്നത്.  തദ്ദേശ തെരഞ്ഞെടുപ്പില്‍ 1200ലധികം സീറ്റുകളിലാണ് പാര്‍ടി മത്സരിക്കുന്നത്. കോട്ടയം ജില്ലയില്‍ 470 സീറ്റുകളിലും. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ ഇത്രയും കിട്ടിയിട്ടില്ല. എല്ലാ ജില്ലയിലും സാന്നിധ്യമറിയിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. യുഡിഎഫില്‍ സീറ്റ് കിട്ടുമ്പോള്‍ ഒപ്പം റിബലും ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

പലയിടത്തും സ്ഥാനാര്‍ഥികളില്ലാതെ യുഡിഎഫ് തകര്‍ച്ചയിലേക്ക് പോകുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലുള്ളവര്‍ റിബലായി നില്‍ക്കുന്നു. തീവ്രവര്‍ഗീയ ശക്തികളുമായി യുഡിഎഫ് പ്രത്യക്ഷത്തില്‍ത്തന്നെ കൂട്ടുകൂടുകയാണ്. മതസൗഹാര്‍ദം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. ബിജെപിയുമായി യുഡിഎഫിന് പലയിടത്തും അന്തര്‍ധാരയുണ്ട്.  സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും മുന്നണിയുടെ കെട്ടുറപ്പും സ്ഥാനാര്‍ഥികളുടെ മികവും എല്‍ഡിഎഫിന് ഇത്തവണ മികച്ച വിജയം ഉറപ്പാക്കുകയാണ്. പാലായിലെ വികസനമുരടിപ്പിന് മാറ്റം വരണം. പല പദ്ധതികളും മുടങ്ങിക്കിടക്കുന്നു. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്. വലവൂരില്‍ ടെക്നോ സിറ്റി തുടങ്ങുക എന്നത് തന്റെ സ്വപ്നമാണെന്നും അതിനുള്ള നടപടി ആരംഭിച്ചെന്നും ജോസ് കെ മാണി പറഞ്ഞു.

Exit mobile version