Site iconSite icon Janayugom Online

ഗാസയില്‍ ആക്രമണം രൂക്ഷം; ഒഴിപ്പിക്കല്‍ തുടരുന്നു

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, ഗാസയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെയ്തൂണ്‍, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് രൂക്ഷമായ ആക്രമണം നടന്നത്. അതേസമയം, ഭൂരിഭാഗം പേരും വെടിയേറ്റാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വാഷിങ്ടണിലെത്തിയതിന് പിന്നാലെയാണ് ഗാസയില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സാധാരണക്കാർക്ക് ദോഷം വരുത്താനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനുശേഷം, കമാൻഡ് ആന്റ് കൺട്രോൾ സെന്ററുകൾ ഉൾപ്പെടെ വടക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സെെന്യം പറയുന്നത്. സെയ്തൂണിലെ നിരവധി മേഖലകളില്‍ ഇസ്രയേലി ടാങ്കുകൾ അതിക്രമിച്ചുകയറി ഷെല്ലാക്രമണം നടത്തി. അഭയം പ്രാപിച്ച നൂറുകണക്കിന് കുടുംബങ്ങളോട് ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ശേഷം നാല് സ്കൂളുകളും ബോംബ് ഉപയോഗിച്ച് സെെ­ന്യം തകര്‍ത്തു. സെെനിക നടപടി ശക്തമാക്കുമെന്ന സൂചന നല്‍കി, വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സെെന്യം ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഗാസ സിറ്റി, ജബലിയ എന്നിവിടങ്ങളിലുള്ളവര്‍ അൽ മവാസിയിലേക്ക് ഒഴിയണമെന്നാണ് നിര്‍ദേശം. സുരക്ഷിത മേഖലയെന്ന് അറിയപ്പെടുന്ന അൽ-മവാസിയിലും കഴിഞ്ഞ ദിവസം ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇസ്രയേൽ പ്രധാനമന്ത്രി ബെ­ഞ്ചമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവായ റോൺ ഡെർമറാണ് ചര്‍ച്ചകള്‍ക്കായി വാഷിങ്ടണിലെത്തിയത്. വരും ആഴ്ചകളിൽ നെതന്യാഹുവും യുഎസിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്കായി ഈജിപ്ത്, യുഎസ്, ഖത്തർ എന്നീ രാജ്യങ്ങൾ ശ്രമം തുടരുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദം കരാര്‍ അന്തിമമാകുന്നതിന് സഹായിക്കുമെന്ന് മധ്യസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടെയുള്ള ഒരു പുതിയ നിർദേശം മുന്നോട്ടുവയ്ക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. കരാറിലെ പുരോഗതി നെതന്യാഹു തടസപ്പെടുത്തുകയാണെന്നാണ് ഹമാസിന്റെ ആരോപണം. ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പകരമായി എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് പറയുന്നു.

Exit mobile version