Site iconSite icon Janayugom Online

ഒഡീഷയിലും ​ക്രൈസ്തവർക്ക് നേരെ ആക്രമണം; പരിക്കേറ്റവരില്‍ മലയാളി വൈദികനും

രാജ്യത്ത് ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിന് നേരെയാണ് ആക്രമണമുണ്ടായത്. ഒഡീഷയിലെ ഗ്രാമത്തിൽ കഞ്ചാവ് പരിശോധനക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നു.

പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ക്രൂര മർദനം. പള്ളിയിൽ നിന്ന് പണം അപഹരിച്ചുവെന്നും സഹവികാരിക്ക് ഗുരുതര പരിക്കേറ്റതായും ജോഷി ജോർജ് പറയുന്നു. മാർച്ച് 22ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഇടവകയിലേക്ക് കയറി വന്ന പൊലീസ് പള്ളിയിലെ പെൺകുട്ടികളെയടക്കം ഉപദ്രവിച്ചു. തടയാന്‍ ശ്രമിച്ച ഫാ. ജോഷി ജോർജ്ജിനെയും സഹവികാരിയെയും പൊലീസ് മർദിക്കുകയായിരുന്നു. മർദനം സംബന്ധിച്ച് ഇരുവരും നിയമനടപടികളിലേക്ക് നീങ്ങിയിട്ടില്ല.

Exit mobile version