Site iconSite icon Janayugom Online

കീവിലെ ജനവാസ മേഖലയില്‍ വീണ്ടും ആക്രമണം; രണ്ട് മരണം

ഉക്രെയ്‍ന്‍ തലസ്ഥാന നഗരമായ കീവില്‍ പാര്‍പ്പിട സമുച്ചയത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്‍ന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 78 പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഒമ്പതു നിലയുള്ള കെട്ടിട സമുച്ചയത്തിനു നേരെയാണ് റഷ്യന്‍ സേന ഷെല്ലാക്രമണം നടത്തിയത്. 

മരിയുപോളിലെ ആശുപത്രിക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥശിശുവും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

കീവിലെ അന്റോനോവ് എയർക്രാഫ്റ്റ് പ്ലാന്റിന് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി കീവ് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഉക്രെയ്‍നിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കാർഗോ വിമാനത്താവളവും സൈനിക വ്യോമത്താവളവുമാണ് ഇത്.
അതേസമയം, സ്വതന്ത്ര റിപ്പബ്ലിക്കായ ഡൊണട്‍സ്‍ക് മേഖലയില്‍ ഉക്രെയ്‍ന്‍ സെെന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്നും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും വിമത നേതാക്കള്‍ ആരോപിച്ചു. 

Eng­lish Summary:Attacks on pop­u­lat­ed areas again; Two deaths
You may also like this video

Exit mobile version