Site iconSite icon Janayugom Online

കപ്പലുകള്‍ക്ക് നേരെ ആക്രമണം: അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കി

shipship

അന്താരാഷ്ട്ര കപ്പല്‍പ്പാതകളില്‍ വ്യാപാരക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ മധ്യ, വടക്കന്‍ അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന.
സമുദ്ര സുരക്ഷ ശക്തമാക്കുന്നതിനും എന്തെങ്കിലും അപകടമുണ്ടായാല്‍ വ്യാപാര കപ്പലുകളെ സഹായിക്കുന്നതിനുമായി ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന ദൗത്യസംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, മധ്യ‑വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതകളിലൂടെ സഞ്ചരിച്ച വ്യാപാര കപ്പലുകള്‍ സുരക്ഷാഭീഷണി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യെമനില്‍ നിന്നുള്ള ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 700 നോട്ടിക്കല്‍ മൈല്‍ അകലെ എംവി റൂവന് നേരെ നടന്ന കടല്‍ക്കൊള്ള സംഭവവും ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 220 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി എംവി കെം പ്ലൂട്ടോയില്‍ നടന്ന ഡ്രോണ്‍ ആക്രമണവും കണക്കിലെടുത്താണ് പുതിയ നീക്കം.
പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ അപകടസാധ്യതകള്‍ പരിശോധിക്കാന്‍ കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു. ദീര്‍ഘദൂര മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം (ആര്‍പിഎഎസ്) എന്നിവയിലൂടെ ആകാ­ശ നിരീക്ഷണവും ശക്തമാക്കി.

Eng­lish Sum­ma­ry: Attacks on ships: Sur­veil­lance inten­si­fied in Ara­bi­an Sea

You may also like this video

Exit mobile version