Site iconSite icon Janayugom Online

അട്ടക്കുളങ്ങര വനിത സെന്‍ട്രൽ ജയിൽ പുരുഷ സ്പെഷ്യൽ ജയിലാകുന്നു; വനിതാ തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത സെൻട്രൽ ജയിൽ മാറ്റുന്നതിനുള്ള ഉത്തരവിറങ്ങി. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് വനിതാ തടവുകാരെ മാറ്റാനാണ് ഉത്തരവ്. വനിത തടവുകാരെ പൂജപ്പുരയിലേക്ക് മാറ്റുമ്പോള്‍ അട്ടക്കുളങ്ങര ജയിൽ പുരുഷ സ്പെഷ്യൽ ജയിലാക്കും. തടവുകാരുടെ ബാഹുല്യം നിയന്ത്രിക്കാനാണ് പുതിയ തീരുമാനമെന്നാണ് തീരുമാനമെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്.
ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 

വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം നീക്കത്തിനെതിരെയുണ്ടായിരുന്നു. ഇത് മറികടന്നാണ് ആഭ്യന്തര വകുപ്പ് തീരുമാനവുമായി മുന്നോട്ട് പോയത്. മുഖ്യമന്ത്രിതല യോഗ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയത്. നിലവിൽ അട്ടക്കുളങ്ങരയിലെ വനിത ജയിലിൽ 90നും 100നുമിടയിൽ തടവുകാരാണ് ഉള്ളത്. 2011 സെപ്റ്റംബര്‍ 29നാണ് അട്ടക്കുളങ്ങര ജയിൽ വനിതാ ജയിലാക്കി മാറ്റുന്നത്. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ഉള്‍കൊള്ളാവുന്നതിലുമധികം തടവുകാരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. 

ഒരു വര്‍ഷം മുമ്പ് തന്നെ അട്ടക്കുളങ്ങരയിലെ വനിത ജയിൽ മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നെങ്കിലും ജയിൽ വകുപ്പിലെ വനിതാ ജീവനക്കാരടക്കം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. തെക്കൻ ജില്ല കേന്ദ്രീകരിച്ച് പുതിയ ജയിൽ നിര്‍മിക്കാനുള്ള പദ്ധതിയുണ്ട്. ഇത് ഉള്‍പ്പെടെ നടപ്പാക്കുന്നതുവരെ അട്ടക്കുളങ്ങരയിലെ ജയിൽ പുരുഷ സ്പെഷ്യൽ സബ് ജയിലായി നിലനിര്‍ത്താനാണ് തീരുമാനം.

Exit mobile version