അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയർ അഭിഭാഷകൻ കെ പി സതീശൻ സ്ഥാനം രാജിവച്ചു. സതീശൻ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സതീശന്റെ നിയമനത്തിനെതിരെ മധുവിന്റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയർ അഭിഭാഷകനായ അഡ്വ. കെ പി സതീശനെയും അഡീഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി വി ജീവേഷിനെയും സർക്കാർ നിയമിച്ചിരുന്നു.
നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം മധുവിന്റെ മാതാവ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കടഹർജി നൽകിയിരുന്നു. തങ്ങൾക്ക് പൂർണ വിശ്വാസമുള്ള അഭിഭാഷകനെ നിയമിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. തങ്ങൾക്കു സ്വീകാര്യനല്ലാത്ത വ്യക്തിയെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി എന്നാണ് മല്ലിയമ്മയുടെ പരാതി.
ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരി 22ന് മോഷണക്കുറ്റം ആരോപിച്ച് പ്രതികൾ മർദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. 13 പ്രതികൾക്ക് വിചാരണക്കോടതി ഏഴ് വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകൾ ഹൈക്കോടതിയിലുണ്ട്.
English Summary: Attapadi Madhu murder case: Special Public Prosecutor withdraw from case
You may also like this video