Site iconSite icon Janayugom Online

അട്ടപ്പാടി മധു വധക്കേസ്; 15-ാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധുവധക്കേസിൽ വീണ്ടും കൂറുമാറ്റം. 15-ാം സാക്ഷി മെഹറുന്നീസയാണ് മൊഴിമാറ്റി. കേസിൽ ഇത് തുടർച്ചയായ അഞ്ചാം കൂറുമാറ്റം ആണ്. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയാണ്.

കോടതിയിൽ നേരത്തെ 10, 11,12,14 സാക്ഷികളും കൂറുമാറിയിരുന്നു. ഇവരും രഹസ്യമൊഴി നൽകിയവരാണ്. 13ആം സാക്ഷി സുരേഷ് ആശുപത്രിയിൽ ആയതിനാൽ വിസ്താരം പിന്നീടായിരിക്കും നടത്തുക. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു.

വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനിൽകുമാറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്നു അനിൽകുമാർ.

മധു കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് പതിനാലാം സാക്ഷി കൂറ് മാറിയത്. ആനന്ദനാണ് കോടതിയിൽ മൊഴി മാറ്റിയത്. കേസിൽ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ആനന്ദൻ. കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവുണ്ടായിരുന്നു. പാലക്കാട് ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നൽകുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകാനും തീരുമാനമായിരുന്നു.

കഴിഞ്ഞ 18നാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മധു കേസിൽ വിചാരണ തുടങ്ങുന്നത്. അന്ന്തന്നെ 12ആം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറ് കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധം പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും സാക്ഷി പറഞ്ഞു.

അഡ്വ. രാജേഷ് എം മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.

Eng­lish summary;Attapadi Mad­hu mur­der case; The 15th wit­ness also defected

You may also like this video;

Exit mobile version