അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ മധു വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി. കോടതിയിൽ സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി നൽകിയ ഒടുവിലത്തെ സാക്ഷി ജോളിയാണ് കൂറുമാറിയത്. കേസിൽ 17ാം സാക്ഷിയായിരുന്നു ജോളി. രഹസ്യമൊഴി പൊലീസുകാർ നിർബന്ധിച്ചപ്പോൾ നൽകിയതാണെന്ന് ജോളി മൊഴി തിരുത്തി. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി.
പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴിമറ്റിയതിനാലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വിസ്തരിച്ചത്.
മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അദ്ദേഹം മൊഴിയിൽ ഉറച്ചു നിന്നു. രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സുരേഷ് വിസ്താരത്തിനിടെ ആവർത്തിച്ചത് പ്രോസിക്യൂഷന് ആശ്വാസമായിരുന്നു.
English summary;Attapadi Madhu murder case; The 17th witness also defected
You may also like this video;