Site icon Janayugom Online

അട്ടപ്പാടി മധു വധക്കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ഹർജി പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികൾ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. ഫലപ്രദമായ രീതിയിൽ വാദം നടത്താൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാർക്കാട് വിചാരണക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ മാറ്റാൻ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കിൽ പരാതിക്കാർ സർക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുകയായിരുന്നു.

Eng­lish summary;Attapadi Mad­hu mur­der case; The tri­al was stayed by the High Court

You may also like this video;

Exit mobile version