അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യനാണ് കൂറുമാറിയത്. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനാണ് മയ്യൻ. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി.
സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രസഹ്യമൊഴി നൽകിയ ഏഴുപേർ നേരത്തെ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുകയായിരുന്നു.
പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മണ്ണാർക്കാട് മുൻസിഫ് കോടതി നിർദേശം പ്രകാരമാണ് നടപടി. മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴി ഇന്നെടുത്തേക്കും. ഇതിന് ശേഷമാകും അറസ്റ്റിൽ അന്തിമ തീരുമാനം എടുക്കുക.
മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴിമറ്റിയതിനാലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വിസ്തരിച്ചത്.
മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അദ്ദേഹം മൊഴിയിൽ ഉറച്ചു നിന്നു. രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സുരേഷ് വിസ്താരത്തിനിടെ ആവർത്തിച്ചത് പ്രോസിക്യൂഷന് ആശ്വാസമായിരുന്നു.
English summary;Attapadi Madhu murder case; The twentieth witness also defected
You may also like this video;