അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 19-ാം സാക്ഷി കാക്കി മൂപ്പനാണ് കൂറുമാറിയത്.കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കൂറ് മാറുന്ന മൂന്നാമത്തെ സാക്ഷിയാണ് കാക്കി മൂപ്പൻ.ഇന്ന് വിസ്താരം നടക്കുന്നതിനിടെ കാക്കി മൂപ്പൻ മൊഴി മാറ്റിപ്പറയുകയായിരുന്നു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ഒൻപതായി.
കേസിലെ 17,18 സാക്ഷികൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിസ്താരത്തിനിടെ കൂറ് മാറിയിരുന്നു. 17ാം സാക്ഷി ജോളി, 18ാം സാക്ഷി കാളി മൂപ്പൻ എന്നിവരാണ് കൂറ് മാറിയത്. വനം വകുപ്പിലെ താൽക്കാലിക വാച്ചറായ കാളി മൂപ്പനെ കൂറ് മാറ്റത്തിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു. വ്യാപകമായുള്ള കൂറ് മാറ്റത്തിന് പിന്നിൽ പ്രതികളുടെ സ്വാധീനമാണെന്നാണ് സംശയിക്കുന്നത്. കോടതിയിൽ സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി നൽകിയ ഒടുവിലത്തെ സാക്ഷി ജോളിയും നേരത്തെ കൂറുമാറിയിരുന്നു. കേസിൽ 17ാം സാക്ഷിയായിരുന്നു ജോളി. രഹസ്യമൊഴി പൊലീസുകാർ നിർബന്ധിച്ചപ്പോൾ നൽകിയതാണെന്ന് ജോളി മൊഴി തിരുത്തി.
പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴിമറ്റിയതിനാലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്. മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് എന്ന സാക്ഷി കഴിഞ്ഞ ദിവസം നൽകിയിരുന്നു. അദ്ദേഹം മൊഴിയിൽ ഉറച്ചു നിന്നു. രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സുരേഷ് വിസ്താരത്തിനിടെ ആവർത്തിച്ചത് പ്രോസിക്യൂഷന് ആശ്വാസമായിരുന്നു.
അതേസമയം കൂറുമാറ്റത്തിൽ മധുവിന്റെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്. കൂറ് മാറിയവർക്കെതിരെ അന്വേഷണം നടത്താൻ പോലീസിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ മുൻസിഫ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
English Summary: attappadi madhu murder case; 19th witness changed statement
You may like this video also