Site iconSite icon Janayugom Online

സൈനികനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഭീകരരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

armyarmy

ജമ്മുകശ്മീരിലെ രജൗരിയില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ജീവനക്കാരനായ മുഹമ്മദ് റസാഖാണ് കൊല്ലപ്പെട്ടത്. ശഹ്ദാര ഷെരിഫീല്‍ തിങ്കളാഴ്ച വീടിന് പുറത്തു വച്ചാണ് റസാഖിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റസാഖിന്റെ സഹോദരൻ ടെറിടോറിയല്‍ ആര്‍മിയില്‍ സൈനികനാണ്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരര്‍ വെടിവയ്പ്പ് നടത്തിയത്. എന്നാല്‍ അദ്ദേഹം രക്ഷപ്പെട്ടുവെന്നും അധികൃതര്‍ പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. അമേരിക്കൻ നിര്‍മ്മിത എം ഫോര്‍ റൈഫിളും പിസ്റ്റളുമാണ് ആക്രമത്തിനായി ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവില്‍ പോയ ഭീകരര്‍ക്കായി സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ 20 വര്‍ഷം മുമ്പ് റസാഖിന്റെ പിതാവും ഭീകരരുടെ വെടിയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. 

കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ അനന്ത് നാഗിലും ഹെര്‍പോരിലും ഉണ്ടായ ഭീകരാക്രമണത്തില്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയും ഡെറാഡൂണ്‍ സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം.

Eng­lish Sum­ma­ry: Attempt to abduct a sol­dier: A young man was shot dead by Pak­istani terrorists

You may also like this video

Exit mobile version