Site icon Janayugom Online

കോവിഡ് ഡ്യുട്ടി കഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവർത്തകയെ അടിച്ച് വീഴ്ത്തി തട്ടികൊണ്ട് പോകാൻ ശ്രമം

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അർദ്ധരാത്രിയിൽ സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ അടിച്ച് വീഴ്ത്തി ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമം. പരിക്കേറ്റ യുവതിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്രോളിംഗിനെത്തിയ പൊലീസ് സംഘത്തെ കണ്ട് അക്രമിസംഘം രക്ഷപ്പെട്ടു. തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമ മൻസിലിൽ നവാസിന്റെ ഭാര്യ സുബിനയ്ക്കാണ് (27) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11.50 ന് തോട്ടപ്പള്ളി — തൃക്കുന്നപ്പുഴ റോഡിൽ പല്ലന ഹൈസ്‌കൂൾ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു സംഭവം. 

തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ സുബിന പതിവായി ഡ്യൂട്ടി കഴിഞ്ഞ് തനിച്ച് സ്കൂട്ടറിലാണ് വീട്ടിലേക്ക് പോകുന്നത്. പതിവ് പോലെ ഇന്നലെയും രാത്രി 11മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് 17കിലോമീറ്റർ അകലെയുള്ള പാനൂർക്കരയിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽ നിന്ന് തോട്ടപ്പള്ളി ‑തൃക്കുന്നപ്പുഴ റോഡിൽ പ്രവേശിച്ച സുബിനയെ ബൈക്കിൽ രണ്ട് പേർ പിന്തുടർന്നു. പല്ലന ഹൈസ്‌കൂൾ ജംഗ്ഷന് വടക്ക് ഭാഗത്ത് എത്തിയപ്പോൾ അക്രമിസംഘം മുന്നിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ ശേഷം സുബിനയുടെ സ്‌കൂട്ടർ തടയാൻ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ സമീപത്തെ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചു നിന്നു. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ മാലയുണ്ടോയെന്ന് സുബിനയോട് അക്രമിസംഘം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് യുവതിയുടെ തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ബൈക്കിൽ കയറ്റാൻ അക്രമിസംഘം ശ്രമിച്ചു. കുതറിയോടിയ യുവതി സമീപത്തെ വീടിന് അടുത്തേക്ക് ഓടിപ്പോയി. ഈ സമയം തൃക്കുന്നപ്പുഴയിൽ നിന്ന് വന്ന പട്രോളിംഗ് വാഹനത്തിന്റെ വെളിച്ചം കണ്ട അക്രമിസംഘം രക്ഷപ്പെട്ടു. പൊലീസ് സംഘം തോട്ടപ്പള്ളിയിലേക്ക് പോകുപ്പോൾ ഒരു യുവതി സ്കൂട്ടറിലും ഇവർക്ക് പിന്നാലെ 50 മീറ്റർ പിന്നിലായി ബൈക്കിൽ രണ്ടുപേരും പോകുന്നത് കണ്ടിരുന്നു. 

വൈദ്യുത പോസ്റ്റിന് സമീപം സ്‌കൂട്ടർ ചാരിയ നിലയിൽ കണ്ടതിനെ തുടർന്ന് പൊലീസ് വാഹനം നിർത്തിയത്. ഈ സമയം സുബിന പൊലീസ് സംഘത്തിനടുത്തെത്തി കാര്യങ്ങൾ വിവരിച്ചു. ഭയന്നു വിറച്ച യുവതിക്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന വെള്ളം കൊടുത്തു. ഇതിനിടെ രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് സുബിനയുടെ ബന്ധുക്കൾ വിവരമറിഞ്ഞെത്തി. ബന്ധുക്കൾ വന്ന വാഹനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്‌ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചു വരികയാണ്.
eng­lish summary;Attempt to abduct and abduct health work­er return­ing from cov­et­ed duty
you may also like this video;

Exit mobile version