ആക്ടിവിസ്റ്റും കോഴിക്കോട് ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പൊയിൽക്കാവ് അങ്ങാടിയിലെ തുണിക്കടയിൽ നിന്ന് വീട്ടിലേക്കു നടന്നു പോകുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഓട്ടോ നിർത്താതെ പോയി. തലയ്ക്കും ചുണ്ടുകൾക്കും പരിക്കേറ്റ ഇവർക്ക് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സ നൽകി. തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയമാക്കി. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തി. ശബരിമല യുവതീ പ്രവേശനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബിന്ദു അമ്മിണിക്കെതിരെ സംഘപരിവാർ ഭീഷണിയുണ്ടായിരുന്നു.
മനപൂർവ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതായാണ് ബിന്ദുവിന്റെ പരാതി. നേരത്തെ ഇവർക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു. ഇവരെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ബിന്ദു അമ്മിണിയെ വധിക്കാനുള്ള സംഘപരിവാർ ശ്രമത്തിൽ പ്രതിഷേധിച്ച് പ്രതികരണ വേദിയുടെ നേതൃത്വത്തിൽ കൂട്ടായ്മ നടന്നു.
English Summary: Attempt to attack Bindu Ammini: Police taken murder case
You may like this video also