Site iconSite icon Janayugom Online

ചീഫ് ജസ്റ്റിസിനെ ആക്രമിക്കാനുള്ള ശ്രമം: അഭിഭാഷകൻ രാകേഷ് കിഷോറിനെ സസ്‌പെൻഡ് ചെയ്ത് ബാർ കൗൺസിൽ

ചീഫ് ജസ്റ്റിസിനെ ആക്രമിക്കാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. കിഷോറിനെതിരെ കൗൺസിൽ അച്ചടക്ക നടപടികളും തുടങ്ങി. അതേസമയം കസ്റ്റഡിയിൽ എടുത്ത രാകേഷ് കിഷോറിനെ വിട്ടയച്ചു.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അഭിഭാഷകര്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി ഇയാൾ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. ‘സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ ഒരിക്കലും സഹിക്കില്ല’ എന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇയാള്‍ വിളിച്ച് പറഞ്ഞിരുന്നതായി ദൃക്‌സാക്ഷികളായ അഭിഭാഷകരെ ഉദ്ധരിച്ച് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഖജുരാഹോയിലെ മഹാവിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ഒരു കേസില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് നടത്തിയ പരാമര്‍ശങ്ങളാകാം ഈ സംഭവത്തിന് പ്രകോപനമായതെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ആ കേസ് തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Exit mobile version