Site iconSite icon Janayugom Online

ഗുജറാത്തില്‍ ദർഗ പൊളിക്കാന്‍ ശ്രമം: സംഘർഷത്തിൽ ഒരാൾ മരിച്ചു

അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് ദർഗ പൊളിക്കാനുള്ള അധികൃതരുടെ ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജുനഗഡ് ജില്ലയിലെ മജേവാദി ദർവാജ ദർഗ പൊളിക്കാനുള്ള നോട്ടീസ് ജുനഗഡ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പതിക്കാനെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. നിയമവിരുദ്ധ നിര്‍മ്മാണമാണിതെന്നും അല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ ദര്‍ഗ പൊളിച്ചുനീക്കുമെന്നും അതിന്റെ ചെലവ് കമ്മിറ്റി വഹിക്കണമെന്നുമാണ് നോട്ടീസിലുള്ളത്. 

വിവരമറിഞ്ഞ് 300ഓളം പേരാണ് പ്രതിഷേധവുമായെത്തിയത്. ഇവര്‍ ര്‍ഗയ്ക്ക് സമീപം തടിച്ചുകൂടി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റവും കല്ലേറുമുണ്ടാവുകയായിരുന്നു. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട് 174 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: Attempt to demol­ish Dar­gah in Gujarat: One dies in clash

You may also like this video

Exit mobile version