Site iconSite icon Janayugom Online

രണ്ടിടത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ രണ്ടിടത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒരാള്‍ കസ്റ്റഡിയില്‍. പത്തനംതിട്ട സ്വദേശിയാണ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് വൃത്തങ്ങള്‍ പറയുന്നത് ഇങ്ങനെ-”ബുധനാഴ്ച രാത്രിയാണ് സംഭവം. പിടിയിലായ യുവാവ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയതായിരുന്നു. പിന്നീട് ട്രാക്കിലൂടെ തെക്കു ഭാഗത്തേക്ക് നടന്ന് കളനാട് റെയില്‍വെ തുരങ്കത്തില്‍ എത്തിയപ്പോള്‍ ഇരുട്ടു കാരണം മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഓലച്ചൂട്ട് കെട്ടി കത്തിച്ചു. തുരങ്കം കടന്ന ഉടനെ ചൂട്ട് റെയില്‍വെ ട്രാക്കിനു സമീപത്തെറിഞ്ഞു. തീ പടര്‍ന്ന് പരിസരത്തെ പുല്ലിനും മറ്റും തീപിടിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസാണ് തീയണച്ചത്. തുടര്‍ന്ന് ട്രാക്കില്‍ നടത്തിയ പരിശോധനയില്‍ ട്രാക്കില്‍ കരിങ്കല്ല് നിരത്തി വച്ച നിലയിലും കാണപ്പെട്ടു. 

തീപിടുത്തത്തിനും കല്ലു കയറ്റി വച്ച സംഭവത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന് മനസ്സിലാക്കി അന്വേഷണം തുടരുന്നതിനിടയിലാണ് കോട്ടിക്കുളം, റെയില്‍വെ സ്‌റ്റേഷനു തെക്കു ഭാഗത്ത് ചിറമ്മലില്‍ റെയില്‍പാളത്തില്‍ മരത്തടി കയറ്റി വച്ച നിലയില്‍ കാണപ്പെട്ടത്. ഇതുവഴി കടന്നു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തെരച്ചിലിലാണ് ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. ബേക്കല്‍ പൊലീസിനു കൈമാറിയ പ്രതി നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായും അടുത്തിടെ പാലക്കാട് റെയില്‍വെ സ്റ്റേഷനു സമീപത്ത് ട്രാക്കില്‍ കല്ലുകള്‍ നിരത്തി വച്ചതായും വ്യക്തമായി. മാനസികാസ്വാസ്ഥ്യം ഉള്ളതിനാല്‍ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.

Exit mobile version