2024ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയ രണ്ട് സ്‌കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി. മലപ്പുറം തിരുനാവായ എൻഎംഎച്ച്എസ്എസ്, എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് എന്നീ സ്‌കൂളുകളെയാണ് അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവംബർ നാല് മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി.