കളമശ്ശേരി: ഏലൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂർ പാതാളത്താണ് പ്രണയം നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നത്. പെൺകുട്ടിയുടെ പരാതിയിൽ പാതാളം വള്ളോപ്പിള്ളി സ്വദേശി ശിവ, ഇയാളുടെ ബന്ധുവായ കാർത്തി, ഇവരുടെ സുഹൃത്ത് ചിറക്കുഴി സെൽവം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവയ്ക്കും കാർത്തിക്കിനും 18 വയസാണ് പ്രായം.
ശിവ നേരത്തെ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇത് പെൺകുട്ടി നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശിവയും സുഹൃത്തുക്കളും നേരത്തെയും തന്നെ ശല്യം ചെയ്യുകയും കളിയാക്കുകയും ചെയ്തിരുന്നുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസവും സ്കൂൾ വിട്ട് വരവെ ശിവയും കൂട്ടുകാരും പെൺകുട്ടിയെ കളിയാക്കുകയും സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. വലിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ തനിക്ക് നേരെ പാഞ്ഞു വരുന്നത് കണ്ടത്. ഉടനെ ഓടിമാറി. സംഭവത്തിന് പിന്നാലെ രക്ഷിതാവിനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
English Summary:Attempt to kill girl by auto for refusing love
You may also like this video