Site iconSite icon Janayugom Online

മോഷ്ടിച്ച ബൈക്ക് രൂപമാറ്റം വരുത്തി വിൽക്കാൻ ശ്രമം; 5 പേര്‍ പിടിയില്‍

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽക്കാൻ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍. പേട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച വാഹനം കോട്ടയം പള്ളിയ്ക്കത്തോടിൽ എത്തിച്ച് രൂപമാറ്റം വരുത്തിയ ശേഷം മറുവിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി വിഷ്ണു, കോട്ടയം പള്ളിയ്ക്കത്തോട് മുക്കോലി സ്വദേശി സന്ദീപ്, ചങ്ങനാശേരി സ്വദേശി മഹേഷ്, പള്ളിയ്ക്കത്തോട് സ്വദേശികളായ ജീവ‍ൻ, നോയൽ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കോട്ടയം, ചങ്ങനാശ്ശേരി, പത്തനംതിട്ട ജില്ലകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.

വിഷ്ണുവാണ് മോഷണത്തിന് മോഷണത്തിന്റെ സൂത്രധാരനും നേതൃത്വം നൽകിയതും. സെപ്റ്റംബർ 14‑ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിലെ കരാർ ജീവനക്കാരനായ കോലിയക്കോട് സ്വദേശി അരവിന്ദന്റെ പൾസർ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്ക് പിന്നീട് സന്ദീപ്, മഹേഷ് എന്നിവരുടെ സഹായത്തോടെ ജീവന് വിറ്റു. തുടർന്ന്, ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ നിറം ഉൾപ്പെടെ മാറ്റി മറുവിൽപനയ്ക്ക് നോയല്‍ തയ്യാറാക്കി. നമ്പർ പ്ലേറ്റുകൾ വളച്ചുവെച്ചായിരുന്നു പ്രതികൾ ഈ വാഹനത്തിൽ സഞ്ചരിച്ചിരുന്നത്.

ബൈക്ക് രൂപമാറ്റം വരുത്തി കറങ്ങുന്നതിനിടെ ചങ്ങനാശേരി പൊലീസ് പെറ്റിയടിച്ചതാണ് കേസിൽ വഴിത്തിരിവായി മാറിയത്. നമ്പർ പൂർണ്ണമായി മറയ്ക്കുന്നതിന് മുൻപ് ലഭിച്ച ഈ ‘പെറ്റി‘യുടെ രേഖകളിൽ നടത്തിയ അന്വേഷണമാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കാൻ പേട്ട പൊലീസിനെ സഹായിച്ചത്. തുടർന്ന്, കോട്ടയം ഷാഡോ സംഘത്തിന്റെ സഹായത്തോടെ പേട്ട പൊലീസ് കോട്ടയത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പേട്ട എസ്എച്ച്ഒ വി എം ശ്രീകുമാർ, എസ്‌ഐ സുമേഷ്, സിപിഒമാരായ ദീപു, മഹേഷ് എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Exit mobile version