Site iconSite icon Janayugom Online

ബ്രെഡ് പാക്കറ്റിൽ കൊക്കെയ്ൻ ഒളിച്ചുകടത്താൻ ശ്രമം; നൈജീരിയൻ യുവതി ബംഗളൂരുവില്‍ പിടിയില്‍

ബ്രെഡ് പാക്കറ്റിൽ കൊക്കെയ്ൻ ഒളിച്ചുകടത്തിയ നൈജീരിയൻ യുവതി ബംഗളൂരുവില്‍ പിടിയില്‍. മുംബൈയിൽനിന്നും ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തർ ഇയാനുവോളുവയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2024ൽ സ്റ്റുഡന്റ് വിസയിൽ ഡൽഹിയിലെത്തിയ ഒലാജിഡെയുടെ ബാഗിൽനിന്നും ബ്രെഡുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ബംഗളൂരുവിലെ വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രേസ് ട്രസ്റ്റിൽ താമസിക്കുന്ന വിദേശ വനിത പ്രമുഖ വ്യക്തികൾക്ക് ഉൾപ്പെടെ കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.

ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്നും മൊബൈൽ ഫോണും മറ്റ് വസ്തുക്കളും ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. വിദ്യാർഥിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതി ഒരു കോളജിലും ചേരാതെ മുംബൈയിലെ പല പ്രദേശങ്ങലിലായി താമസിച്ചുവരികയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിനെതിരെ അന്വേഷണം നടത്തിവരികയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

Exit mobile version