വിദേശ മലയാളികളുടെ വീട്ടിൽ ശനിയാഴ്ച അർദ്ധരാത്രിയോടെ മോഷണ ശ്രമം നടന്നെങ്കിലും കാര്യമായി നഷ്ടം സംഭവിച്ചില്ല. തുമ്പമൺ, ചക്കരേടത്ത് ഇടയിലെ വീട്ടിൽ വർഗീസ് ജോർജ്ജ്, തുമ്പമൺ മുട്ടം, ഗവ. എൽപി സ്കൂളിന് സമീപം കർമ്മ ഭവനിൽ അജി തോമസ് എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. വർഗീസ് ജോർജ് കുടുംബസമേതം അമേരിക്കയിലാണ്. അജി തോമസ് കുടുംബസമേതം ദുബായിലും. അജി തോമസിന്റെ വീടിന്റെ മുൻഭാഗത്തെ കതക് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ എല്ലാം മുറിയിലെയും അലമാരകളും കുത്തിപ്പൊളിച്ചു.
ഞായറാഴ്ച രാവിലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്. വർഗീസ് ജോർജിന്റെ വീടിന്റെ അടുക്കള ഭാഗം പൊടിച്ച് അകത്തുകയറിയ മോഷ്ടാക്കൾ എല്ലാം മുറികളും കുത്തിപൊളിച്ചു. വീട്ടിൽ സ്ഥാപിച്ച സിസി ടിവിയിൽ മൂന്നാംഗ സംഘം വീട് കുത്തിപ്പൊളിക്കുന്ന രംഗം പതിഞ്ഞിട്ടുണ്ട്. വീടുകളിൽ നിന്നും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവം അറിഞ്ഞ് പന്തളം പൊലീസ് സ്ഥലത്തെത്തി. സിസി ടിവി ക്യാമറ ഉൾപ്പെടെ പരിശോധന നടത്തി. കടക്കാട് വടക്ക് ഒരു വീട്ടിലും മോഷണം ശ്രമം നടന്നിട്ടുണ്ട്. സിസി ടിവിയിൽ രാത്രിപുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് മോഷണം ശ്രമം നടന്നത്.

