ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാൻ ശ്രമിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ജാർഖണ്ഡ് സ്വദേശികളായ 2 തൊഴിലാളികളെ വിഴിഞ്ഞം പൊലീസാണ് പിടികൂടിയത്. വികാസ് മണ്ഡൽ,പുനിത് മണ്ഡൽ എന്നിവരാണ് പിടിയിലായത്. വൈകിട്ട് 4.30 ഓടെഉച്ചക്കട കുഴിയംവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കമ്പി കൊണ്ട് കുത്തി തുറക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ഇവർ കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ എത്തിയ ഓട്ടോ ഡ്രൈവറായ സമീപവാസിയെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു. അടുത്തയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും തുടർന്ന് നാട്ടുകാര്‍ പരിസര പ്രദേശത്ത് നടത്തിയ തിരച്ചിലിൽ രണ്ടാമനെയും കണ്ടെത്തുകയായിരുന്നു. കാണിക്കവഞ്ചിയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. മോഷണശ്രമത്തിന് കേസ് എടുത്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

