Site iconSite icon Janayugom Online

ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു: പി രാജീവ്

ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് നിയമമന്ത്രി പി രാജീവ്. ഈ ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കൈ കോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഐഎഎല്‍ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, ജുഡീഷ്യറി എന്നിവയെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് ഒരുമിച്ചു കൈകോര്‍ത്ത് പ്രതിരോധിക്കണമെന്നും രാജ്യത്തെ അഭിഭാഷകര്‍ അതിന് നേതൃത്വം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ജാതിയുടേയും മതത്തിന്റെയും പേരില്‍ രാജ്യത്തെ വിഘടിക്കാനുള്ള ശ്രമങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. 

ഭരണഘടനയെ സംരക്ഷിക്കാന്‍ അഭിഭാഷക സമൂഹത്തില്‍ നിന്ന് കൂടുതല്‍ പേര്‍ ജനാധിപത്യ ഇന്ത്യക്ക് ആവശ്യമാണ്. വ്യത്യസ്ത രീതിയില്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഭരണഘടനയുടെ പൊളിച്ചെഴുത്ത് അതിന്റെ ആശയത്തിന് എതിരാണെന്നും അത് ഭരണഘടനയുടെ വിഘാതത്തിനു തന്നെ കാരണമാകുമെന്നും ഡോ. ബി ആര്‍ അംബേദ്കര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്താണോ ആ മുന്നറിയിപ്പില്‍ പറഞ്ഞത് അതു തന്നെയാണ് രാജ്യത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജൂഡീഷ്യറി എന്നിവ പാര്‍ലമെന്റിന്റെ മൂന്ന് തൂണുകളാണ്. ഈ ഘടന തന്നെ മാറുകയാണ്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ ഇത് പ്രകടമായിരുന്നുവെന്നും സ്വതന്ത്രമായ പാര്‍ലമെന്റിനു പകരം ഒരു എക്സിക്യൂട്ടീവ് പാര്‍ലമെന്റ് ആയി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അഡ്വ. സി ബി സ്വാമിനാഥന്‍ സ്വാഗതം ആശംസിച്ചു. മന്ത്രി ജി ആര്‍ അനില്‍, ഐഎഎല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. മുരളീധര എന്നിവര്‍ പങ്കെടുത്തു. 

Eng­lish Summary:Attempts are being made to weak­en the Con­sti­tu­tion: P Rajeev
You may also like this video

Exit mobile version