ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ മന്ത്രി വി ശിവൻകുട്ടി ആർഡിഒയോട് അടിയന്തര റിപ്പോർട്ട് തേടി. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നത് ജനജീവിതത്തെ ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് സർക്കാർ ഇടപെടൽ.
നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണത്തിനായി തൊഴിലാളികളെ നിയോഗിച്ചെങ്കിലും ചാരവും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിൽ വലിയ വീഴ്ച സംഭവിച്ചു. പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് മേയർ വി വി രാജേഷ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ വാഗ്ദാനവും ഇതുവരെ നടപ്പായിട്ടില്ല. മാലിന്യങ്ങൾ കുന്നുകൂടുന്നത് പ്രദേശത്ത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ശുചീകരണത്തിലെ വീഴ്ച മറച്ചുവെക്കാൻ നഗരസഭ ഭരണകൂടം ഉത്തരവാദിത്തം സർക്കാരിന് മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. മുൻവർഷങ്ങളിൽ പൊങ്കാല കഴിഞ്ഞാലുടൻ നടന്നിരുന്ന ചിട്ടയായ ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ തടസ്സപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആർഡിഒയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കർശന നിർദ്ദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു.

