അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടുകേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ജെയിംസ് സമർപ്പിച്ച ജാമ്യാപേക്ഷയെ ഡൽഹി ഹൈക്കോടതിയിൽ സിബിഐയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ശക്തമായി എതിർത്തു. തന്നെ ഇന്ത്യക്ക് കൈമാറാൻ ആധാരമായ കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ താൻ ഇതിനകം അനുഭവിച്ചു കഴിഞ്ഞുവെന്നും അതിനാൽ വിട്ടയക്കണമെന്നുമാണ് മിഷേൽ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ മിഷേലിനെ കൈമാറിയ ഉത്തരവിൽ തട്ടിപ്പ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ വിചാരണ ചെയ്യാൻ വ്യക്തമായ അനുമതിയുണ്ടെന്ന് കേന്ദ്ര ഏജൻസികൾ ജനുവരി 8ന് സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കി.
തനിക്കെതിരെയുള്ള കുറ്റങ്ങൾക്ക് പരമാവധി അഞ്ച് വർഷത്തെ തടവേ ലഭിക്കൂ എന്ന മിഷേലിന്റെ വാദം തെറ്റാണെന്നും ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന തട്ടിപ്പ് കേസുകളും ജീവപര്യന്തം വരെ ലഭിക്കാവുന്ന രേഖകൾ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇയാൾക്കെതിരെയുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി. മിഷേലിന്റെ അഭിഭാഷകൻ ഏജൻസികളുടെ മറുപടിക്ക് വിശദീകരണം നൽകണമെന്ന് നിർദ്ദേശിച്ച കോടതി കേസ് ഫെബ്രുവരി 20ലേക്ക് മാറ്റി വെച്ചു. 2004ലെ ഹെലികോപ്റ്റർ ഇടപാടിൽ മാനദണ്ഡങ്ങൾ മാറ്റിയതിലൂടെ സർക്കാരിന് ഏകദേശം 2,666 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സിബിഐ കണ്ടെത്തൽ.

