Site iconSite icon Janayugom Online

രണ്ട് വര്‍ഷത്തിന് ശേഷം അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി ഓസ്ട്രേലിയ

രാജ്യാന്തര വിനോദസഞ്ചാരികൾക്കായി രാജ്യാതിര്‍ത്തികള്‍ ഉടൻ തുറക്കുമെന്ന്​ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‍കോട്ട് മോറിസൺ. ഈ ആഴ്ച പാർലമെന്റിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്‌ട്രേലിയൻ പാർലമെന്റിന്റെ 2022ലെ ആദ്യ സിറ്റിങ് തിങ്കളാഴ്ച ആരംഭിക്കും. കോവിഡിനെ തുടര്‍ന്ന് 2020 മാർച്ചിലാണ്​ ഓസ്​ട്രേലിയ അതിർത്തികൾ അടച്ചത്.

കഴിഞ്ഞമാസങ്ങളിൽ സ്വന്തം പൗരന്മാരെയും താമസക്കാരെയും വിദഗ്ധരേയും അന്തർദേശീയ വിദ്യാർത്ഥികളെയും സീസണൽ തൊഴിലാളികളെയും മാത്രം നിയന്ത്രണങ്ങൾക്ക്​ വിധേയമായി രാജ്യത്തേക്ക്​ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു.നിലവിൽ രാജ്യത്തേക്ക്​ വരുന്നവർ രണ്ട്​ ഡോസ്​ വാക്സിൻ സ്വീകരിച്ചവരായിരിക്കണം. അതല്ലെങ്കിൽ മെഡിക്കൽ വാക്സിനേഷൻ ഇളവിന്റെ സാക്ഷ്യപത്രം നൽകണം.

രാജ്യത്ത്​ 16 വയസ്സിന് മുകളിലുള്ള യോഗ്യരായ ജനസംഖ്യയുടെ 95 ശതമാനം പേരും രണ്ട് വാക്സിൻ ഡോസുകളും എടുത്തിട്ടുണ്ട്​. കൂടാതെ ഒമ്പത് ദശലക്ഷം പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു കഴിഞ്ഞു.

ഈസ്റ്ററിന് മുമ്പ് അന്താരാഷ്ട്ര അതിർത്തികൾ പൂർണമായും തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജനുവരിയിൽ മോറിസൺ പറഞ്ഞിരുന്നു. രാജ്യത്ത്​ മാസങ്ങളായി മോറിസണിന്റെ ജനപ്രീതി കുറഞ്ഞുവരികയാണ്. ഒമിക്രോൺ വ്യാപനവും അത്​ കൈകാര്യം ചെയ്ത രീതിയുമെല്ലാം വിമർശന വിധേയമായിരുന്നു. കൂടാതെ മേയിൽ നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിലും സമ്മർദ്ദം നേരിടുന്നുണ്ട്.

eng­lish sum­ma­ry; Aus­tralia pre­pares to open bor­ders after two years

you may also like this video;

Exit mobile version