ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ആതിഥേയരായ ഓസ്ട്രേലിയയ്ക്ക് ജയം. സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ഓസ്ട്രേലിയ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ലങ്ക ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് കളി ലങ്കയില്‍ നിന്നു തട്ടിയെടുത്തത്. സ്‌റ്റോയ്‌നിസ് ക്രീസിലെത്തുന്നതു വരെ ലങ്കയ്ക്കു വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ 15-ാം ഓവറില്‍ താരം വെടിക്കെട്ടിനു തിരികൊളുത്തിയതോടെ ലങ്ക നിസഹായരായി. 17 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി അര്‍ധസെഞ്ചുറി തികച്ച സ്റ്റോയ്‌നിസ് 18 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോട് ഓസീസ് പരാജയപ്പെട്ടിരുന്നു. ലങ്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഓസീസിന് ആഗ്രഹിച്ച തുടക്കമല്ല കിട്ടിയത്. നാലാം ഓവറില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(11) പുറത്താകുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സെ ഉണ്ടായിരുന്നുള്ളു. മിച്ചല്‍ മാര്‍ഷും ആരോണ്‍ ഫിഞ്ചും പിടിച്ചു നിന്നെങ്കിലും പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഓസീസ് സ്കോര്‍ 33 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. വണ്‍ ഡൗണായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷ് ഹസരങ്കയെ കടന്നാക്രമിച്ച് ഓസീസ് സ്കോര്‍ എട്ടാം ഓവറില്‍ 50 കടത്തി. പിന്നാലെ മാര്‍ഷിനെ(17) ധനഞ്ജയ ഡിസില്‍വ മടക്കി. ഫിഞ്ചിന്റെ മെല്ലെപ്പോക്കിനിടയിലും തകര്‍ത്തടിച്ച ഗ്ലെന്‍ മാക്സ്‌വെല്‍(12 പന്തില്‍ 23) ഓസീസിനെ 10 ഓവറില്‍ 85 റണ്‍സിലെത്തിച്ചു. എന്നാല്‍ മാക്സ്‌വെല്ലും പുറത്തായതോടെ പിന്നാലെ ക്രീസിലെത്തിയ സ്‌റ്റോയ്‌നിസ് മത്സരം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഫിഞ്ച് 42 പന്തില്‍ നിന്ന് 31 റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. ലങ്കന്‍ നിരയില്‍ ആരും ഫിഫ്റ്റി നേടിയില്ല. പതും നിസങ്ക (40), ചരിത് അസലെന്‍ക (38*), ധനഞ്ജയ ഡിസില്‍വ (26), ചാമിക കരുണരത്‌നെ (14) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. ഓസീസിനു വേണ്ടി ഹേസല്‍വുഡ്, കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ആഗര്‍, മാക്സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
English Summary: Australia win against Sri Lanka
You may also like this video