Site iconSite icon Janayugom Online

ഒഡീഷയിലെ ക്രിസ്ത്യന്‍ ചര്‍ച്ച് അധികൃതര്‍ പൂട്ടി സീല്‍ വച്ചു

ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ക്രിസ്ത്യന്‍ ചര്‍ച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണത്തില്‍ അധികൃതര്‍ പൂട്ടി സീല്‍ വച്ചു. സംഘ്പരിവാര്‍ സംഘടനയാ ബജ്റംഗ്ദളിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഭദ്രകിലെ ഗെല്‍തുവ ഗ്രാമത്തിലെ ബിലീവേഴ്സ് ചര്‍ച്ചാണ് ബുധനാഴ്ച പൂട്ടിച്ചത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഭരണകൂടം നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. ഈ ചര്‍ച്ച് കേന്ദ്രീകരിച്ച് ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി ബജ്റംഗ്ദളില്‍ നിന്ന് പരാതി ലഭിച്ചതായി ഭദ്രക് സബ് കലക്ടര്‍ മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഭദ്രക് തഹസില്‍ദാറും റവന്യൂ ഇന്‍സ്പെക്ടറും ഈ മാസം ആദ്യം നടത്തിയ അന്വേഷണത്തില്‍ ചര്‍ച്ചില്‍ ചിലര്‍ ഒത്തുകൂടുകയും ഇവിടം കേന്ദ്രീകരിച്ച് ഒരു സമുദായത്തില്‍പ്പെട്ട ചിലര്‍ സമാധാനഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ടെന്ന് വ്യക്തമായി. ഇതരസമുദായത്തില്‍പ്പെട്ട ആളുകള്‍ ഇതിനെതിരെ പ്രതികരിക്കുന്നതിനാല്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷത്തിന് എല്ലാ സാധ്യതയുമുണ്ട്. ആളുകള്‍ നിയമം കൈയിലെടുത്താല്‍ രക്തച്ചൊരിച്ചിലിനും വര്‍ഗീയ കലാപത്തിനും ഇടയാക്കും. അതിനാലാണ് ചര്‍ച്ച് അടച്ചുപൂട്ടി 144 പ്രഖ്യാപിച്ചത്’ ‑സബ് കലക്ടര്‍ പറഞ്ഞു.

ചര്‍ച്ചില്‍ ഗോത്രവര്‍ഗക്കാരായ ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ മനസ് മൊഹന്തി ആരോപിച്ചു. ഇത് അവസാനിപ്പിക്കാന്‍ ജില്ല ഭരണകൂടത്തിന് രേഖാമൂലം പരാതി നല്‍കുകയായിരുന്നുവെന്ന് മൊഹന്തി പറഞ്ഞു. എന്നാല്‍, തങ്ങള്‍ പള്ളിയില്‍ സമാധാനത്തോടെ പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഉച്ചഭാഷിണി പോലും ഉപയോഗിക്കുന്നില്ലെന്നും ഗെല്‍തുവയിലെ ക്രിസ്തുമത വിശ്വാസിയായ ഫുലാമണി മുണ്ട പറഞ്ഞു.

ഒഡീഷയിലെ മതസ്വാതന്ത്ര്യ നിയമം 1967 അനുസരിച്ച് മതം മാറ്റം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും മതപരിവര്‍ത്തനത്തിന് മുമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്പാകെ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. കൂടാതെ മതപരിവര്‍ത്തനം നടക്കുന്ന ചടങ്ങിന്റെ തീയതിയും സമയവും സ്ഥലവും, മതം മാറേണ്ട വ്യക്തികളുടെ പേരും വിലാസവും, ചടങ്ങിന് 15 ദിവസം മുമ്പ് ഒരു നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിനെ പുരോഹിതന്‍ അറിയിക്കണം. ജില്ലാ മജിസ്ട്രേറ്റ് മതപരിവര്‍ത്തന രജിസ്റ്റര്‍ സൂക്ഷിക്കുകയും തനിക്ക് ലഭിച്ച അറിയിപ്പിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും വേണം. എല്ലാ മാസവും 10-ാം തീയതിക്കകം ജില്ലാ മജിസ്ട്രേറ്റ് മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കണം.

Eng­lish sum­ma­ry; Author­i­ties in Odisha have sealed off a Chris­t­ian church

You may also like this video;

Exit mobile version