ഓട്ടോ തൊഴിലാളിയെ കനാലിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് മാറാടി ചന്തപ്പാറ ചന്തപ്പറമ്പിൽ അയ്യപ്പനെ (60)യാണ് വ്യാഴം രാത്രി ഒമ്പതോടെ സൗത്ത് മാറാടി സൺഡേ സ്കൂളിനുസമീപമുള്ള ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് ഇവിടെയെത്തി ആടിന് പുല്ല് വെട്ടുന്നതിനിടെ കാൽവഴുതി കനാലിൽ വീണതാണെന്ന് കരുതുന്നു. 20 അടിയിലേറെ താഴ്ചയുള്ള കനാലിനിരുവശവും പാറയാണ്.
മാറാടി മണ്ണത്തൂർ കവലയിലെ ഓട്ടോഡ്രൈവറാണ് അയ്യപ്പൻ. ശക്തമായ മഴയായിരുന്നതിനാൽ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെ കനാലിനുസമീപം ഓട്ടോ കണ്ടെത്തിയത്. തുടർന്നാണ് അയ്യപ്പനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ അഗ്‌നി രക്ഷാസേന എത്തി മൃതദേഹം കരയിലെത്തിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ. മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തി. ഭാര്യ: ലളിത. രണ്ടു മക്കളുണ്ട്.

