പൊതുമരാമത്തു വകുപ്പിൽ ക്രമക്കേടുകൾ കണ്ടെത്താൻ രൂപീകരിച്ച വിജിലൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിജിലൻസ് പ്രത്യേക സംഘത്തിന്റെ അവലോകനയോഗത്തിനു ശേഷം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നാല് എക്സിക്യൂട്ടീവ് എൻജിനീയർമാർ ഉൾപ്പെടുന്നതാണ് വിജിലൻസ് വിഭാഗം. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിൽ വിജിലൻസിന് കൂടുതൽ ഉദ്യോഗസ്ഥരെ നൽകാൻ തീരുമാനിച്ചു. മികച്ച സാങ്കേതികവിദ്യയും വാഹനങ്ങളും നൽകാനും തീരുമാനമായി.
വിജിലൻസിന്റെ ഭാഗമായി ഇപ്പോൾ പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ ഓഫീസുകളെക്കൂടി ശക്തിപ്പെടുത്തും. പ്രവൃത്തികളുടെ ഗുണനിലവാരം നേരിട്ട് പണികൾ നടക്കുന്ന സ്ഥലത്തെത്തി പരിശോധിക്കുന്ന ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറികൾ സജ്ജമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയനുകളിലാണ് ഇത് നടപ്പാക്കുക. ഇതിനായി മൂന്നു ഓട്ടോ ടെസ്റ്റിംഗ് മൊബൈൽ ലാബും അനുബന്ധ ഉപകരണങ്ങളും വാങ്ങും. കൂടാതെ മൊബൈൽ ലാബിൽ നടത്തുന്ന പരിശോധനകൾ നേരിട്ട് ഒരു കേന്ദ്രത്തിൽ കാണാൻ ഉള്ള സൗകര്യം ഒരുക്കും. ഇതോടെ പ്രവൃത്തികളുടെ ഗുണനിലവാരം അതാത് സ്ഥലത്തുവച്ചുതന്നെ പരിശോധിക്കാൻ കഴിയും.
പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡുകളിൽ തന്നെയാണോ പ്രവൃത്തി നടക്കുന്നത്, തദ്ദേശവകുപ്പിന്റെ കീഴിൽ ഉള്ളവയാണെങ്കിൽ അവ പൊതുമരാമത്തിനു കൈമാറിയിട്ടുണ്ടോ, കേടുപാടുകൾ ഇല്ലാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നുണ്ടോ, കുഴികൾ അടയ്ക്കുന്നതിന് പകരം റോഡ് ആകെ ടാർ ചെയ്യുന്നുണ്ടോ, അളവിൽ കൃത്യതയുണ്ടോ, പരിപാലന കാലാവധി അവസാനിച്ച ശേഷമാണോ പണി നടത്തുന്നത്, അതിന്റെ ആവശ്യമുണ്ടോ, ഗുണനിലവിവര പരിശോധനാ വിഭാഗം ആവശ്യമായ പരിശോധനകള നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക പരിശോധന വിഭാഗം പരിശോധിക്കുക. കണ്ടെത്തലുകളിൽ വസ്തുതയുണ്ടെങ്കിൽ കർശനമായ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
പണി നടക്കുന്നിടത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും
കോഴിക്കോട്: പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യം വിജിലൻസിന്റെ പ്രത്യേക പരിശോധന വിഭാഗം കൃത്യമായി പരിശോധിക്കും. ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കും. വകുപ്പിനെ പൂർണമായി അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യം. അത് പെട്ടന്ന് സാധിക്കുന്നതല്ല. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരോടും കരാറുകാരോടും സന്ധിയില്ല. നാടിന്റെ ഖജനാവ് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
english summary; Automatic Quality Testing Laboratories will be set up : Minister Mohammad Riyaz
you may also like this video;