Site icon Janayugom Online

രാസവളങ്ങളുടെ ലഭ്യത കുറയുന്നു; കർഷകർ പ്രതിസന്ധിയിൽ

കാർഷിക വിളകൾക്ക് വളപ്രയോഗത്തിന്റെ കാലമായിട്ടും വിപണിയിൽ രാസവളങ്ങളുടെ ലഭ്യതക്കുറവ് കർഷകർക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. രാസവളങ്ങളുടെ വിലയിലുണ്ടായ കുറവ് കർഷകർക്ക് ആശ്വാസമാണെങ്കിലും വളത്തിന്റെ ലഭ്യതക്കുറവാണ് ഇപ്പോഴത്തെ പ്രശ്നം.
ഏറെക്കാലത്തിനു ശേഷമാണ് രാസവള വിലയിൽ കുറവുണ്ടാകുന്നത്. കൂടുതൽ രാസവളങ്ങൾക്കു വിലയിൽ കുറവുണ്ടാകുമെന്നും കർഷകർ പ്രതീക്ഷിക്കുന്നു. 

എന്നാൽ നേരത്തെ കുത്തനെ കൂടിയതിന് ആനുപാതികമായ തോതിൽ വില കുറഞ്ഞിട്ടില്ലെന്ന പരാതിയും കർഷകർക്കുണ്ട്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വളങ്ങളിലൊന്നായ ഫാക്ടംഫോസ് വില (50 കിലോ) 1390 രൂപയിൽ നിന്നു 1225 രൂപയായി താഴ്ന്നു. 16: 16: 16 വളത്തിന്റെ വില 1470 രൂപയിൽ നിന്ന് 1250 രൂപയായും കുറഞ്ഞിട്ടുണ്ട്. എന്നാൽ, പൊട്ടാഷിന്റെയും യൂറിയയുടെയും വിലയിൽ കുറവുണ്ടായിട്ടില്ല. പൊട്ടാഷ് അമ്പതു കിലോ ചാക്കിന്റെ വില 1700 രൂപയാണ്. യൂറിയ 45 കിലോ ചാക്കിന്റെ വില 266.50 രൂപയാണ്. 

യൂറിയയുടെ ക്ഷാമം പലപ്പോഴും കർഷകർക്കു തിരിച്ചടിയാകുന്നുണ്ട്. ലാഭം കുറഞ്ഞതിനെത്തുടർന്നു പല മൊത്തവിതരണക്കാരും യൂറിയയും പൊട്ടാഷും എടുക്കാൻ മടിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഒരു ചാക്ക് യൂറിയ 266.50 രൂപയ്ക്കു നൽകണമെന്നാണു വ്യവസ്ഥയെങ്കിലും പല ഡിപ്പോകളിലും യൂറിയ എത്തുമ്പോൾ ചെലവ് ഇതിലും വർധിക്കുന്നതായി വ്യാപാരികളും പറയുന്നു. 

റബർ ഉൾപ്പെടെയുള്ള വിളകളുടെ ആദ്യഘട്ട വളപ്രയോഗം കഴിഞ്ഞു. എന്നാൽ, വാഴ, കപ്പ, പൈനാപ്പിൾ, പച്ചക്കറികൾ എന്നിവയ്ക്കു മഴയുടെ ഇടവേളകളിൽ വള പ്രയോഗം നടത്തുന്ന സമയമാണിത്. വിലക്കുറവുണ്ടാകുമെന്ന സൂചനയിൽ പലയിടങ്ങളിലും വളം എടുക്കാതിരിക്കുന്നത് ക്ഷാമത്തിനും കാരണമാകുന്നുണ്ട്. 

Eng­lish Summary:availability of fer­til­iz­ers decreas­es; Farm­ers in crisis
You may also like this video

Exit mobile version