ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതിൽ വിരോധം തീർക്കാൻ സിപിഐ പ്രവർത്തകനെതിരെ വധശ്രമം. പത്തനംതിട്ട വിളവിനാൽ ഗ്രെയ്സ് ഭവനിൽ റോബിൻ ജോൺ (39) നാണ് ക്രൂരമായി മർദ്ദനമേറ്റത്. പരിക്കേറ്റ റോബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വടിവാളുകൊണ്ടുള്ള വെട്ട് ഒഴിഞ്ഞുമാറിയതിനാൽ മാത്രമാണ് കഴുത്തിൽ കൊള്ളാതെ രക്ഷപെട്ടതെന്ന് റോബിൻ പറയുന്നു. ആറാം തീയതി രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
വീടിന് സമീപത്തുള്ള കടയുടെ മുമ്പിൽ നിൽക്കുകയായിരുന്നു റോബിൻ. ഈ സമയത്താണ് മങ്കി ക്യാപ്പ് ധരിച്ച മൂന്നംഗ സംഘം ബൈക്കിൽ ഇവിടെയെത്തിയത്. അപകടം മണത്ത റോബിൻ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വീടിന്റെ പിൻവശത്ത് വെച്ച് പിന്തുടർന്ന് എത്തിയ മണിക്കുട്ടൻ തലയുടെ പിൻവശത്ത് അടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് വടിവാൾ കൊണ്ട് കഴുത്തിന് വെട്ടിയെങ്കിലും തല വെട്ടിച്ച് മാറ്റിയതിനാൽ വെട്ട് താടിയിൽ കൊള്ളുകയായിരുന്നു. റോബിൻ ബഹളം വെച്ചതോടെ അക്രമികൾ ഓടി രക്ഷപെടുകയായിരുന്നു. റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലിസ് കേസ്സെടുത്ത് കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസ്സെടുത്തു.

