Site iconSite icon Janayugom Online

അവിടുത്തെപോലെയല്ല ഇവിടെ

ല മന്ദിച്ചു പോയപ്പോഴാണ്
അല്ലെങ്കിൽ മനസ് കല്ലിച്ചപ്പോൾ
ജ്വരംപിടിച്ച മൊബൈൽ
ചാർജ്ജിൽ കുത്തി പുറത്തിറങ്ങിയത്

എന്തൊക്കെയായിരുന്നു
കൊലവിളി ദൈവവിളികൾ
മതവെറി തെറിപ്പാട്ടുകൾ
ചാനലിൽ വെറുപ്പിന്റെ മിടുക്കുകൾ

രാജ്യസ്നേഹികൾ
രാജ്യദ്രോഹികൾ
ആധുനിക അസുരന്റെ
ഗീർവാണങ്ങൾ

പുറത്തിറങ്ങിയപ്പോൾ
ശുദ്ധമായ കാറ്റിൽ നറുമണം
ചെടികളിൽ നനൂത്ത മൊട്ടുകൾ
നഗ്നമായ ആകാശത്ത് മുല്ല പൂക്കുന്നു

അൻവറിന്റെ മീൻതട്ടിൽ രാമൻ
മീനിനൊപ്പം അല്പം കുശലം
ഡൊമനിക് കോഴി വെട്ടുമ്പോൾ
സത്താർ സർബത്ത് കൊടുക്കുന്നു

പീടിക തിണ്ണയിൽ നർമ്മം
അകച്ചിരിയാൽ വെളിച്ചം
കുമാറിന്റെ മടിയിൽ കോയ
ഔസേപ്പിന്റെ വകയാണ് ചായ

മൊബൈലല്ല ലോകം
അതിലുള്ളവരല്ല പൗരർ
അവരല്ലയിന്ത്യ അവരല്ല
രാജ്യം ദേശസ്നേഹം സാഹോദര്യം

Exit mobile version