Site iconSite icon Janayugom Online

വർഗീയകലാപം ഒഴിവായത്‌ എൽഡിഎഫ് സർക്കാർ ഭരിക്കുന്നതിനാൽ: കോടിയേരി

രണ്ടു കൊലപാതകങ്ങൾക്ക്‌ പിന്നാലെ ആലപ്പുഴയിൽ വർഗീയകലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ‘ മതതീവ്രവാദികളുടെ കൊലക്കത്തിക്ക്‌ മതനിരപേക്ഷതയാണ്‌ മറുപടി’ എന്ന സന്ദേശമുയർത്തി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലർ മാർച്ചിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണത്തിലൂടെ വർഗീയകലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിതശ്രമമാണ്‌ നടന്നത്‌. പൊലീസിന്റെ ശക്തമായ ഇടപെടൽകൊണ്ടാണ്‌ ഒഴിവായത്‌. പൊലീസ്‌ സ്‌തംഭിച്ചുനിന്നിരുന്നെങ്കിൽ 1983ൽ യുഡിഎഫ്‌ ഭരണകാലത്തുണ്ടായതുപോലുള്ള സംഭവങ്ങൾ നടക്കുമായിരുന്നു.

വർഗീയകലാപങ്ങൾ പൊലീസ്‌ അടിച്ചമർത്തുകതന്നെ ചെയ്യും. ജനങ്ങളെ രംഗത്തിറക്കി വർഗീയധ്രുവീകരണത്തെ നേരിടും.മുസ്ലിംവിഭാഗങ്ങൾ സംഘടിച്ച്‌ തീവ്രനിലപാട്‌ സ്വീകരിച്ച്‌ ആർഎസ്‌എസിന്റെ വർഗീയതയെ ചെറുക്കാനാകില്ല. പരസ്‌പരം കൊന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനാകില്ല. ഇസ്ലാമികരാഷ്‌ട്രം എന്ന വികാരമുണ്ടാക്കാനാണ്‌ എസ്‌ഡിപിഐയുടെ ശ്രമം. ഏറ്റുമുട്ടി മരിച്ചാൽ സ്വർഗത്തിലെത്താമെന്നു പറഞ്ഞ്‌ ചാവേറുകളെ സൃഷ്‌ടിക്കുകയാണ്‌.

എസ്‌ഡിപിഐ ആക്രമണം നടത്തണമെന്നാണ്‌ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നത്‌. അങ്ങനെ ചെയ്‌താൽ തങ്ങൾക്ക്‌ മുസ്ലിംവേട്ട നടത്താമെന്ന്‌ അവർ കരുതുന്നു. ചാഞ്ചല്യമില്ലാതെ കൊല്ലാനാണ്‌ രണ്ടുകൂട്ടരും പരിശീലനം കൊടുക്കുന്നത്‌.ഇന്ത്യയിൽ ഹിന്ദുക്കളുടെ രണ്ടു പാർടി എന്ന മോഹൻ ഭാഗവതിന്റെ ലക്ഷ്യം നടപ്പാക്കാനാണ്‌ രാഹുൽഗാന്ധി ശ്രമിക്കുന്നതെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ജയ്‌പൂരിൽ സോണിയഗാന്ധിയെ ഇരുത്തിയാണ്‌ ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കൾ ഭരിക്കണമെന്നും രാഹുൽ പറഞ്ഞത്‌.രാജ്യത്തിന്റെ പൂജാരിയെപോലെയാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നത്‌. സന്യാസിയുടെ വേഷം ധരിച്ചാണ്‌ പരിപാടികളിൽ പങ്കെടുക്കുന്നത്‌.

മുസ്ലിങ്ങളും ക്രൈസ്‌തവരും കമ്യൂണിസ്‌റ്റുകാരുമില്ലാത്ത ഇന്ത്യയെന്ന ലക്ഷ്യത്തിനുവേണ്ടി ആർഎസ്‌എസ്‌ കേന്ദ്രഭരണത്തെ ഉപയോഗിക്കുകയാണ്‌. ക്രിസ്‌മസ്‌ ദിനത്തിൽ 12 സംസ്ഥാനങ്ങളിലാണ്‌ ക്രിസ്‌ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

Eng­lish Sum­ma­ry: Avoid­ing com­mu­nal riots: Because of the LDF gov­ern­ment: Kodiyeri

You may also like this video:

Exit mobile version