നൂറ്റാണ്ടുകളുടെ പഴമപേറുന്ന ഏവൂർ സംക്രമവള്ളംകളി ആചാരപൂർവ്വം നടന്നു. ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും രാവിലെ പുറപ്പെട്ട്, ഏവൂർ, കണ്ണമംഗലം, കരിപ്പുഴഉള്ളിട്ട പുഞ്ചയിലൂടെ കളിവള്ളങ്ങൾ പത്തിയൂർ ദേവീക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തി. പ്രധാന കരക്കാർ ആയ തെക്ക്, വടക്ക്, വടക്ക് പടിഞ്ഞാറ് കരക്കാരാണ് വള്ളം കളിക്ക് നേതൃത്വം നൽകിയത്.
ആഘോഷതിമിർപ്പിനായി മറ്റ് വള്ളങ്ങളും അനുഗമിച്ചു. പത്തിയൂർ ദേവീക്ഷേത്രത്തിൽ എത്തിയ കളിവള്ളങ്ങളുടെ കരനാഥന്മാരെ ക്ഷേത്ര ഉപദേശക സമിതി ആചാരപൂർവം സ്വീകരിച്ചു. ഉച്ചയ്ക്ക് മൂന്നിന് പ്രധാന ജലഘോഷയാത്ര നടന്നു. കണ്ണമംഗലം തെക്ക് ശ്രീ മഹാദേവ ക്ഷേത്രത്തിലും വടക്ക് ശ്രീകൃഷ്ണ ക്ഷേത്രമായ ഉരിയ ഉണ്ണിതേവരുടേയും ക്ഷേത്രങ്ങളിൽ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം സംഘം ഏവൂർ ക്ഷേത്രത്തിലേക്ക് തിരികെ മടങ്ങി. അതിന് ശേഷം ശ്രീഭൂതനാഥ നടയിൽ നൂറു കണക്കിന് കരിക്കുകൾ എറിഞ്ഞു ഉടച്ചതോടു കൂടി ഈ വർഷത്തെ സംക്രമ വള്ളം കളിക്ക് സമാപനമായി.
Emglish Summary: Avoor Sankrama Vallamkali with devotion