Site iconSite icon Janayugom Online

ഉണര്‍വ് പകര്‍ന്ന് സവിശേഷ പരിഗണന

വലിയ മൈതാനം, നിറയെ കാണികളും മത്സരാര്‍ത്ഥികളും എങ്ങും ആവേശം നൽകുന്ന പിന്തുണയും. ശാരീരിക വെല്ലുവിളികളെല്ലാം മറന്ന് മത്സരത്തിന്റെ ആവേശത്തിൽ കാഴ്ച പരിമിതർക്ക് പോലും മേള നൽകുന്ന ഊർജം വിവരണാതീതമാണ്. ആദ്യമായി സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്നതിന്റെ ഉത്സാഹവും അമ്പരപ്പും വിട്ടുമാറാതെയാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇൻക്ലൂസിവ് സ്പോർട്സിൽ ഇന്നലെ നടന്ന മത്സരത്തിൽ പലരും പങ്കെടുത്തത്. രക്ഷിതാക്കൾ കുട്ടികൾക്കാവശ്യമായ മരുന്നും അവരുടെ പ്രിയപ്പെട്ട വിഭവങ്ങളും ഒക്കെ ബാഗില്‍ വച്ചാണ് മത്സരത്തിന് അയച്ചിട്ടുള്ളതെന്ന് എസ്കോർട്ടിങ് ടീച്ചർമാർ പറഞ്ഞു. രക്ഷിതാക്കളിൽ ചിലർ ഇവിടെ മത്സരം കാണുന്നതിന് എത്തിയിട്ടുമുണ്ട്. 

2017 മുതൽ സമഗ്ര ശിക്ഷ കേരള തയ്യാറാക്കിയ മോഡ്യൂളും മറ്റും അനുസരിച്ച് സ്കൂൾ തലങ്ങളിലും ബിആർസി തലങ്ങളിലും സ്പെഷ്യലിസ്റ്റ് കായിക അധ്യാപകരുടെ മേൽനോട്ടത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു വന്നിരുന്നുവെന്നും ഇപ്പോഴാണ് സ്കൂൾ കായിക മേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതെന്നും തിരുവനന്തപുരത്ത് നിന്നും എത്തിയ സ്പെഷ്യൽ എഡ്യൂക്കേറ്റർ ജി എൻ ഗോപകുമാർ പറഞ്ഞു. 

ജില്ലകളിൽ നടന്ന കായികോത്സവത്തിന് പുറമെ പ്രത്യേക പരിശീലനവും കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. പതിവായി ഫിസിയോ തെറാപ്പി ചെയ്യുന്ന കുട്ടികൾക്ക് സ്പോർട്സിൽ പരിശീലനം കിട്ടുമ്പോൾ തെറാപ്പിയെക്കാൾ കൂടുതൽ ശാരീരിക നേട്ടം കിട്ടുന്നുണ്ട്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികൾക്കൊപ്പം മത്സരിക്കാൻ അവസരം നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്നും കുട്ടികളിൽ അത് കൂടുതൽ ആത്മവിശ്വാസവും സന്തോഷവും നൽകുമെന്ന് രക്ഷിതാക്കളുടെ സംഘടനയായ പരിവാർ ജില്ലാ സെക്രട്ടറി ഷിജി സജീവൻ അഭിപ്രായപ്പെട്ടു. സ­ർക്കാർ തീരുമാനം ഏറെ സ്വാഗതാർഹമാണ്. 

Exit mobile version