Site icon Janayugom Online

വനിതാ ഡോക്ടർമാരുടെ കൂട്ടായ്മയിൽ ‘കരുതലോടെ മുന്നോട്ട് ’

ഒരു ആശയം എങ്ങനെ ജനങ്ങളിൽ എത്തിക്കാം. ഒഴിവാക്കാൻ കഴിയുന്ന ഒരു ദുരവസ്ഥയെ കുറിച്ച് എങ്ങനെ ജനങ്ങളെ ബോധവത്കരിക്കാം. ഇതിന് രണ്ടിനുമായി ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ വനിതാ ഡോക്ടർമാർ.

സ്ത്രീകളിൽ സ്തനാർബുദത്തിന്റെ സാദ്ധ്യതകൾ എത്രത്തോളം ഉണ്ടാകുമെന്ന് സ്ത്രീകളെ തിരിച്ചറിയിക്കുന്ന, അതിനെ എങ്ങനെ നേരിടാം എന്ന് ബോധവത്കരിക്കുന്ന ഒരു ലഘു വീഡിയോ സിനിമ നിർമ്മിച്ചുകൊണ്ടാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഇരുപതോളം വനിതാ ഡോക്ടർമാരും അവരുടെ സഹപ്രവർത്തകരും മുന്നിട്ടിറങ്ങിരിക്കുന്നത്.

ക്യാൻസർ വലിയ തോതിൽ ചർച്ചചെയ്യപ്പെടുന്ന ഈ കാലത്ത് ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ചാണ് വനിതാ ഡോക്ടർമാർ സ്വയം അഭിനയിച്ചും രചനയും സംവിധാനവും ചെയ്തും ഇത്തരമൊരു ഒരു ലഘു സിനിമ നിർമ്മിച്ചത്. സ്ത്രീകളിൽ സ്തനാർബുദത്തിന്റെ സാദ്ധ്യതകൾ എത്രത്തോളം ഉണ്ട്? അതിനെ എങ്ങനെ നേരത്തെ കണ്ടെത്താം എന്ന് വളരെ ലളിതമായി ഏവർക്കും മനസിലാകുന്ന രീതിയിലാണ് “കരുതലോടെ മുന്നോട്ട് ” എന്ന ഈ ലഘു സിനിമയിലൂടെ പറയുന്നത്.

ഒട്ടും ഭയപ്പാടില്ലാതെ രോഗത്തെ സമീപിക്കേണ്ടതിനെ കുറിച്ചു വിശദീകരിക്കുന്ന സിനിമയ്ക്ക് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ജെനി ജോസഫാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സ്വപ്ന സുരേന്ദ്രൻ, ജൂഡിത്ത് ആരോൺ, ജെനി ജോസഫ്, സുനു ജോൺ, ആശ, ബുൽ ബുൽ, ജ്യോലിത എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. മുൻകൂട്ടി കണ്ടെത്തിയാൽ ക്യാൻസർ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നും ചെലവുകുറഞ്ഞ ലളിതമായ ചികിത്സകൾ മാത്രമേ ആവശ്യമായി വരികയുള്ളൂയെന്നും ചിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു.

eng­lish summary;awareness for can­cer patients

you may also like this video;

Exit mobile version