Site icon Janayugom Online

അയോധ്യ പ്രതിഷ്ഠാ ചടങ്ങുകള്‍ പാരമ്പര്യ വിരുദ്ധം: നിര്‍മോഹി അഖാഡ

22ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രധാന ആചാര്യനായി നടത്തുന്ന അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നാല് പ്രധാന ശങ്കരാചാര്യന്മാരും പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു.
അപൂര്‍ണമായ ക്ഷേത്രത്തില്‍ ബിജെപി രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് കാണിച്ചാണ് ശങ്കരാചാര്യന്മാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് അഖാഡമാരില്‍ പ്രധാനിയായ നിര്‍മോഹി അഖാഡ എതിര്‍പ്പുമായി രംഗത്തെത്തിയത്.

പരമ്പരാഗതമായ രാമനന്ദി ആചാരങ്ങള്‍ പിന്തുടര്‍ന്നായിരിക്കണം അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടത്തേണ്ടതെന്ന് ആവശ്യപ്പെട്ടെങ്കിലും ക്ഷേത്ര ട്രസ്റ്റ് അതിന് തയ്യാറായില്ലെന്നാണ് അഖാഡ പറയുന്നത്. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ ആദ്യ ഹര്‍ജിക്കാരാണ് നിര്‍മോഹി അഖാഡ.

അഞ്ഞൂറ് വര്‍ഷത്തെ പഴക്കമാണ് രാമനന്ദി ആചാരങ്ങള്‍ക്കുള്ളത്. എന്നാല്‍ ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇത് പിന്തുടരാന്‍ തയ്യാറാകുന്നില്ല. അവര്‍ ആചാരങ്ങള്‍ കൂട്ടിക്കുഴച്ചാണ് നടപ്പാക്കുന്നത്. ഇത് ശരിയായ രീതിയല്ല. രാമാനന്ദി പാരമ്പര്യങ്ങളിലെ ‘തിലക’വും മറ്റ് ചിഹ്നങ്ങളും മറ്റ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും നിര്‍മോഹി അഖാഡ ചൂണ്ടിക്കാട്ടി.

1992 ഡിസംബർ മുതൽ അയോധ്യയിൽ നിലനിന്നിരുന്ന ക്ഷേത്രത്തിലും അതിനുമുമ്പ്, ബാബറി മസ്ജിദിന്റെ പുറത്തെ അങ്കണമായ രാം ചബൂത്രയിലും, മസ്ജിദ് നിലനിന്നിരുന്ന സമയത്തും പ്രാർത്ഥനകൾ നടത്തിയിരുന്നത് ഈ വിഭാഗമാണ്. അയോധ്യ ക്ഷേത്രത്തില്‍ പൂജ നടത്താനുള്ള അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മോഹി അഖാഡ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം ട്രസ്റ്റിന് നല്‍കി സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

നേരത്തെ, ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി അമർ ഉജാലയ്ക്ക് നൽകിയ അഭിമുഖത്തിൽ, പുതിയ ക്ഷേത്രത്തിലെ പൂജാ രീതിയെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് രാമക്ഷേത്രമായതിനാൽ രാമാനന്ദി പാരമ്പര്യം പിന്തുടരുമെന്ന് പറഞ്ഞിരുന്നു. ക്ഷേത്രം രാമാനന്ദി വിഭാഗത്തിന്റേതാണെന്നും സന്യാസിമാരുടേയോ, ശൈവരുടേതോ ശാക്തരുടെയോ അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ചമ്പത് റായി രാമാനന്ദി വിഭാഗത്തില്‍പ്പെട്ടയാളല്ല. അദ്ദേഹം ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷ സ്ഥാനം വഹിക്കുന്നതിലും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Ayo­d­hya Con­se­cra­tion Cer­e­monies Anti-Tra­di­tion: Nir­mo­hi Akhada
You may also like this video

Exit mobile version