അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ തുടരുന്നു. മഹാരാഷ്ട്ര, തെലങ്കാന, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് രാമന്റെ പേരില്‍ സംഘ്പരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടത്.
സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷ്ഠാ ആഘോഷ ദിനത്തില്‍ ആരംഭിച്ച ന്യൂനപക്ഷ വേട്ടയാണ് ഇപ്പോഴും തുടരുന്നത്. ഇന്നലെയും വിവിധ സംസ്ഥാനങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. മുംബൈയിലെ മീര റോഡില്‍ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായി എന്നാരോപിച്ച് പ്രവര്‍ത്തകര്‍ ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. മീര റോഡ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 13 പേരും ആര്‍എസ്എസ് ബന്ധമുള്ളവരായിരുന്നു. തൊട്ടടുത്ത ദിവസം ന്യൂനപക്ഷ വിഭാഗങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഭരണകൂടം ഇടിച്ചുനിരത്തുകയും ചെയ്തു.
താനെ, പന്‍വേല്‍ എന്നിവിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ മുസ്ലിം യുവാവിനെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ ഖിര്‍മ ഗ്രാമത്തിലെ മുസ്ലിം ശ്മശാന ഭൂമി ഒരു സംഘം അഗ്നിക്കിരയാക്കി. ഡല്‍ഹിയിലെ ജയ്‌ത്പൂര്‍, മധ്യപ്രദേശിലെ ജാബുവ ക്രിസ്ത്യന്‍ പള്ളികളില്‍ കാവിക്കൊടി കെട്ടി. ഛത്തീസ്ഗഡിലും പള്ളിക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയ സംഭവമുണ്ടായി.
ഉത്തര്‍പ്രദേശിലെ ആഗ്ര മസ്ജിദില്‍ ഒരു സംഘം അതിക്രമിച്ചുകയറി കാവിക്കാെടി നാട്ടുകയും രാമനാമം മുഴക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ നല്‍ഗോണ്ട ജില്ലയിലും കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അംബേദ്കര്‍ പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ടും മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
English Summary: Ayodhya Ram Mandir Pran Pratishtha ; Communal conflict continues in the country
You may also like this video