Site iconSite icon Janayugom Online

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; റിസര്‍വ് ബാങ്കും അവധി പ്രഖ്യാപിച്ചു

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍ ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു. ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചു. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അന്നേദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.

അന്നേദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ച 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് അറിയിച്ചു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചവരെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിനാണ് പകുതി ദിവസം അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഈ ഉത്തരവു പ്രകാരം ഉച്ചവരെ അവധിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അന്നേദിവസം അവധി പ്രഖ്യാപിച്ചു.

അതേസമയം, അവധി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അധികാരദുര്‍വിനിയോഗമെന്ന്് സിപിഎം അഭിപ്രായപ്പെട്ടു. തികച്ചും മതപരമായ ചടങ്ങില്‍ രാജ്യത്തെയും സര്‍ക്കാരിനെയും നേരിട്ട് പങ്കാളികളാക്കുന്ന നടപടിയാണിത്. മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് ജീവനക്കാര്‍ക്ക് വ്യക്തിപരമായ തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും നടത്താനുള്ള അധികാരമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെട്ട് ഇത്തരം സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് ഗുരുതരമായ അധികാരദുര്‍വിനിയോഗമാണ്. ഭരണസംവിധാനത്തിന് മതപരമായ നിറങ്ങള്‍ പാടില്ലെന്ന ഭരണഘടനയുടെയും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെയും ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും സിപിഎം പിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

Eng­lish Summary;Ayodhya Ram Pratishtha cer­e­mo­ny; The Reserve Bank has also declared a holiday
You may also like this video

Exit mobile version