Site iconSite icon Janayugom Online

കഷായം കൊടുക്കേണ്ടി വരും എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആയുർവേദ ചികിത്സയെ; രാഹുൽ ഈശ്വറിന് മറുപടിയുമായി കെ ആർ മീര

കഷായം കൊടുക്കേണ്ടി വരും എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആയുർവേദ ചികിത്സയെയാണെന്ന് രാഹുൽ ഈശ്വറിന് മറുപടിയുമായി എഴുത്തുകാരി കെ ആർ മീര.
ബന്ധങ്ങളിൽ വളരെ ‘ടോക്സിക് ‘ആയി പെരുമാറുന്ന പുരുഷൻമാർക്ക് ‘ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്തേക്കുമെന്നാണെന്നു പരാതിക്കാരന് മനസിലാക്കാവുന്നതേയുള്ളൂവെന്നും അത്തരക്കാർക്കു മേൽപ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിൽസാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തിൽ ഉറച്ചുനിൽ‌ക്കുന്നുവെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ മീര നടത്തിയ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഈശ്വർ‌ പരാതി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. മീരയുടേത് വിദ്വേഷ പ്രസംഗമാണെന്നും കൊലപാതകത്തെ ന്യായികരിക്കുകയാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു. ‘ഇക്കാലത്തെ കുട്ടികളോട് എനിക്ക് പറയാനുള്ള നിങ്ങളൊരു കാരണവശാലും സതിയനുഷ്ടക്കരുത് എന്നാണ്. ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാൽ പോലും. ഞാന്‍ കരുതുന്നത് എന്താണെന്ന് വെച്ചാല്‍ ഒരു സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങി പോവാനുള്ള സ്വാതന്ത്ര്യമില്ലാതായാല്‍ ചിലപ്പോള്‍ കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുകയെന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്’. എന്ന് തുടങ്ങിയ പരാമർശമാണ് വിവാദമായത്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റവലിൽ വെച്ചാണ് ഇങ്ങനെയൊരു പരാമർശമുണ്ടാകുന്നത്. 

Exit mobile version