യുഎസ് ഓപ്പണ്‍ ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ ആയുഷ് ഷെട്ടിക്ക്. ബിഡബ്ല്യുഎഫ് വേൾഡ് ടൂറിൽ കന്നി കിരീടമാണ് ആയുഷ് സ്വന്തമാക്കിയത്. ഫൈനലില്‍ കാനഡയുടെ ബ്രയാന്‍ യങ്ങിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ആയുഷ് തോല്പിച്ചത്. സ്കോര്‍ 21–18, 21–13.
നിലവിൽ ലോക റാങ്കിങ്ങിൽ 34-ാം സ്ഥാനത്തുള്ള 20 കാരനായ ആയുഷ്, ഈ സീസണിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി.
2023ൽ കാനഡ ഓപ്പണിൽ ലക്ഷ്യ സെൻ വിജയിച്ചതിനുശേഷം, പുരുഷ സിംഗിൾസ് കിരീടം നേടുന്ന താരമാകാനും ആയുഷിന് കഴിഞ്ഞു. ഫൈനലില്‍ 47 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ലോക 33-ാം റാങ്കുകാരനായ യങ്ങിനെ ആയുഷ് പരാജയപ്പെടുത്തിയത്. 2023ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവാണ് ആയുഷ്. അതേസമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ തന്‍വി ശര്‍മ്മയ്ക്ക് കിരീടം നഷ്ടമായി. ഫൈനലില്‍ യുഎസ് താരം ബെയ്‌വെൻ ഷാങ്ങിനോടാണ് തോല്‍വി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 21–11, 16–21, 21–10 എന്ന സ്കോറിനാണ് യുഎസ് താരത്തിന്റെ വിജയം.

